ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ഥ്. യഥാര്‍ത്ഥ ഹീറോകളുടെ പുറകില്‍ നിന്ന് സ്വയം ഹീറോകളാകുന്ന അഭിനയം ബി.ജെ.പി നിര്‍ത്തണമെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ പറഞ്ഞു.
“ജനങ്ങള്‍ സായുധ സേനയില്‍ വിശ്വസിക്കുകയും അവരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. നിങ്ങളും നിങ്ങളുടെ കൂട്ടാളികളും അവരെ വിശ്വസിക്കുന്നില്ല. പുല്‍വാമയെ രാഷ്രീയവല്‍ക്കരിക്കുന്നത് നിര്‍ത്തൂ. യഥാര്‍ത്ഥ ഹീറോകളുടെ പുറകില്‍ നിന്ന് സ്വയം ഹീറോകളാകുന്ന അഭിനയം നിര്‍ത്തൂ”-സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി സൈന്യത്തെ ബഹുമാനിക്കണമെന്നും സിദ്ധാര്‍ഥ് പറഞ്ഞു. “നിങ്ങളൊരു സൈനികനല്ല. അവരെപ്പോലെ നിങ്ങളേയും കൊണ്ടാടുമെന്ന് പ്രതീക്ഷിക്കരുത്”-സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തായിരുന്നു സിദ്ധാര്‍ഥിന്റെ പ്രതികരണം.
“നമ്മള്‍ എല്ലാവരും സായുധ സേനയില്‍ വിശ്വസിക്കുന്നവരും അവരെ കുറിച്ച് അഭിമാനിക്കുന്നവരുമാണ്. എന്നിട്ടും ചില ആളുകള്‍ എന്തിനാണ് സൈനികരെ ചോദ്യംചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല”. ഇതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.