| Thursday, 8th June 2023, 5:53 pm

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഞാൻ ഇന്ത്യയുടെ ഡികാപ്രിയോ ആകും: സിദ്ധാർഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത പത്ത് വർഷത്തിനുള്ളിൽ താൻ ഇന്ത്യയുടെ ലിയനാർഡോ ഡികാപ്രിയോ ആയി മാറുമെന്ന് നടൻ സിദ്ധാർത്ഥ്. സിനിമയിലേക്കുള്ള തുടക്കം മുതൽ താൻ റൊമാന്റിക് ബോയ് ആയിട്ടാണ് അഭിനയിച്ചിരുന്നതെന്നും ഇനിയും അത്തരത്തിൽ ഒരു ബോക്സിനുള്ളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നലകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ പത്ത് വർഷമായിട്ട് സിനിമയിൽ ഉണ്ട്. സിനിമ ജീവിതത്തിൽ ഉടനീളം ഇനിയും റൊമാന്റിക് ബോയ് ആയി തന്നെയാണോ അഭിനയിക്കാൻ പോകുന്നതെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്. ഇപ്പോഴും ഒരു യുവാവിനെപോലെതന്നെയാണ് ഞാൻ കാണപ്പെടുന്നത്, കാണാനും കൊള്ളാം. എങ്ങനെയാണ് സിനിമയിൽ ഒരു പെൺകുട്ടിക്ക് എന്നോട് നോ പറയാൻ പറ്റുക എന്നും ഞാൻ ആലോചിക്കും.

ഒരു യുവാവിന്റെ എല്ലാ ഇമോഷനുകളും ഞാൻ പ്രേക്ഷകരിലേക്ക് എത്തിച്ച് കൊടുക്കാറുണ്ട്. ഇതൊരു ലാഭകരമായ ഓപ്‌ഷൻ ആണെങ്കിൽക്കൂടിയും എനിക്ക് ഇനി ആ വേഷങ്ങൾ വേണ്ട. അതൊരിക്കലും എന്റെ ജോലിയല്ല. ചിലപ്പോൾ ആ വേഷങ്ങൾ തന്നെ ജീവിതകാലം മുഴുവൻ ഞാൻ ചെയ്യേണ്ടി വരും. അതുകൊണ്ട് ഞാൻ പല നഗരങ്ങളിലേക്കും മാറി താമസിച്ചു, എന്റെ പ്ലാനുകൾ മാറ്റി,’ സിദ്ധാർത്ഥ് പറഞ്ഞു.

അഭിമുഖത്തിൽ തനിക്ക് ഇന്ത്യയുടെ ലിയനാർഡോ ഡികാപ്രിയോ ആകാൻ താത്പര്യമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. മാർട്ടിൻ സ്കോർസെസെ സ്റ്റീവൻ സ്പിൽബെർഗ് എന്നിവർ തുടരെ തുടരെ ഡികാപ്രിയോയുടെ കൂടെ വർക്ക് ചെയ്തതുകൊണ്ട് തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്ത പത്ത് വർഷത്തിനുള്ളിൽ ഞാൻ ഇന്ത്യയുടെ ലിയനാർഡോ ഡികാപ്രിയോ ആകും. കാരണം മാർട്ടിൻ സ്കോർസെസെയും സ്റ്റീവൻ സ്പിൽബെർഗ് എന്നിവർ തുടരെ തുടരെ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. അത് കണ്ടപ്പോൾ എനിക്ക് വളരെ അസൂയ തോന്നി. അപ്പോൾ ഡികാപ്രിയോക്ക് മീശയോ താടിയോ ഉണ്ടായിരുന്നില്ല, എനിക്കും അങ്ങനെ തന്നെയാണ്. അദ്ദേഹത്തെ എല്ലാ പെൺകുട്ടികൾക്കും ഇഷ്ടമാണ്, എന്നെയും അങ്ങനെയൊക്കെ തന്നെയാണ്. പിന്നെ എങ്ങനെയാണ് മാർട്ടിൻ സ്കോർസെസെ സ്റ്റീവൻ സ്പിൽബെർഗുമൊക്കെ അദ്ദേഹത്തിന്റെ കൂടെ വീണ്ടും വീണ്ടും വർക്ക് ചെയ്യുന്നത്. എന്തുകൊണ്ടാകാം മണിരത്നം സാറും ശങ്കർ സാറുമെല്ലാം എന്നെ വെച്ച് വീണ്ടും സിനിമ എടുക്കാത്തത്? ശങ്കർ സാറിന്റെ കൂടെ ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തോട് ഞാൻ അടുത്ത ചിത്രത്തിൽ വർക്ക് ചെയ്യുന്നതിനെപ്പറ്റി ചോദിക്കും. അപ്പോൾ, അടുത്ത പത്ത് വർഷത്തിൽ എനിക്ക് മണിരത്നം സാറിനും ശങ്കർ സാറിനുമൊപ്പം സിനിമ ചെയ്യാൻ സാധിച്ചാൽ നിങ്ങൾക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും ലിയനാർഡോ ഡികാപ്രിയോ ആണ് അമേരിക്കയിലെ സിദ്ധാർഥ് എന്ന്, ‘ താരം പറഞ്ഞു.

Content Highlights: Actor Siddharth on being Leonardo DiCaprio

We use cookies to give you the best possible experience. Learn more