ചിറ്റാ എന്ന തന്റെ പുതിയ ചിത്രം മലയാളത്തിലേക്കും ഡബ്ബ് ചെയ്ത് ഇറക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. ചിറ്റായില്‍ ഒരു യൂണിവേഴ്‌സല്‍ കഥയുണ്ടെന്നും മലയാളത്തില്‍ കണ്ടാല്‍ അത് ഈ നാട്ടില്‍ നടക്കുന്ന കഥ പോലെ തോന്നുമെന്നും സിദ്ധാര്‍ത്ഥ പറഞ്ഞു. എന്തുകൊണ്ട് മലയാളി നായികമാരെ തെരഞ്ഞെടുത്തു എന്ന തമിഴ് മാധ്യമങ്ങളുടെ ചോദ്യത്തെ പറ്റിയും സിദ്ധാര്‍ത്ഥ് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.
‘എന്റെ നിരവധി സിനിമകള്‍ കേരളത്തില്‍ ഹിറ്റായിട്ടുണ്ട്. ചിലത് ഡബ്ബ് ചെയ്ത് വന്നിട്ടുണ്ട്. ചിലത് തമിഴില്‍ തന്നെയായിരുന്നു. ചിറ്റായുടെ സ്‌ക്രിപ്റ്റ് റെഡിയായപ്പോള്‍ തന്നെ ഈ ചിത്രം പാന്‍ സൗത്തായി റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചു. കാരണം ഇതൊരു ചെറിയ ടൗണില്‍ നടക്കുന്ന കഥയാണ്.
തമിഴില്‍ കണ്ടാല്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന കഥ പോലെ തോന്നും. മലയാളത്തില്‍ കണ്ടാല്‍ മലയാളം സിനിമ പോലെ തോന്നും. കാരണം അതില്‍ ഒരു യൂണിവേഴ്‌സല്‍ കണ്ടന്റ് ഉണ്ട്. ഇത് എന്തുകൊണ്ട് മലയാളത്തില്‍ ഡബ്ബ് ചെയ്യണമെന്ന് ചോദിച്ചാല്‍ ഇത് എന്റെ കുടുംബത്തില്‍ നടക്കുന്ന കഥയാണ്.
കേരളത്തിലിരുന്ന് ഇത് തമിഴില്‍ കണ്ടാല്‍ തമിഴ് കുടുംബത്തില്‍ നടക്കുന്ന കഥ പോലെ തോന്നും. എന്നാലത് മലയാളത്തില്‍ കണ്ടാല്‍ നിങ്ങളുടെ കുടുംബത്തില്‍ നടക്കുന്ന കഥ പോലെ തോന്നും. അതുകൊണ്ടാണ് ഈ സിനിമ മലയാളത്തില്‍ ഡബ്ബ് ചെയ്തത്.
ഈ സിനിമയിലെ പ്രധാനപ്പെട്ട രണ്ട് നായികമാരും കേരളത്തില്‍ നിന്നുമുള്ളവരാണ്, നിമിഷയും അഞ്ജലിയും. എന്തുകൊണ്ട് തമിഴ് നടിമാരെ തെരഞ്ഞെടുക്കാതെ മലയാളം നടിമാരെ തെരഞ്ഞെടുത്തു എന്ന് തമിഴ് മാധ്യമങ്ങള്‍ ചോദിച്ചു. ഏറ്റവും നന്നായി ഈ കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കും എന്ന് നോക്കിയപ്പോള്‍ നിമിഷയും അഞ്ജലിയും നന്നായിരിക്കുമെന്ന് തോന്നി. അതുകൊണ്ട് കേരളത്തിലെ പ്രേക്ഷകര്‍ക്ക് മറ്റൊരു വേര്‍ഷന്‍ കിട്ടും.
മലയാളത്തില്‍ നിമിഷ തന്നെയാണ് ഡബ്ബ് ചെയ്തത്. അതുകൊണ്ട് ലോക്കല്‍ സിനിമയുടെ ബ്യൂട്ടിയും മാജിക്കും അതിലുണ്ട്. മലയാളത്തില്‍ ഇതൊരു ലോക്കല്‍ സിനിമ പോലെ നിങ്ങള്‍ക്ക് ഫീല്‍ ചെയ്താല്‍ നിര്‍മാതാവ് എന്ന നിലയിലും ആക്ടര്‍ എന്ന നിലയിലും ഞാന്‍ ഹാപ്പിയാവും,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
Content Highlight: Actor Siddharth is talking about the dubbing of his new film Chitta in Malayalam