മധുര: തമിഴ്നാട്ടിലെ മധുര വിമാനത്താവളത്തില്‍ വെച്ച് തനിക്കും തന്റെ മാതാപിതാക്കള്‍ക്കും അനുഭവിക്കേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ (സി.ആര്‍.പി.എഫ്) തന്റെ മാതാപിതാക്കളോട് ഹിന്ദിയിലാണ് സംസാരിച്ചതെന്നും, ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും സിദ്ധാര്‍ത്ഥ് ആരോപിച്ചു.
‘സി.ആര്‍.പി.എഫ് 20 മിനിട്ട് മധുര എയര്‍പോര്‍ട്ടില്‍ വെച്ച് ഉപദ്രവിച്ചു. അവര്‍ എന്റെ പ്രായമായ മാതാപിതാക്കളോട് ബാഗുകളില്‍ നിന്ന് നാണയങ്ങളെല്ലാം എടുത്ത് മാറ്റാന്‍ നിര്‍ബന്ധിച്ചു. ഹിന്ദിയിലായിരുന്നു അവര്‍ ഞങ്ങളോട് സംസാരിച്ചിരുന്നത്. ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് എത്ര തവണ പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയില്ല. ഇന്ത്യയില്‍ ഇങ്ങനെയാണ് എന്നായിരുന്നു അവരുടെ വാദം. അതികാരത്തിന്റെ ഹുങ്ക് കാണിക്കുന്നവര്‍,’ എന്നാണ് സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരമാണ് സിദ്ധാര്‍ത്ഥ്. കഴിഞ്ഞ 20 വര്‍ഷമായി സിനിമാ മേഖലയില്‍ സജീവമാണ്.
തന്റെ നിലപാടുകള്‍ മറയില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ വിളിച്ച് പറയാന്‍ മടികാണിക്കാത്ത താരം കൂടിയാണ് സിദ്ധാര്‍ത്ഥ്. പ്രത്യേകിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ സിദ്ധാര്‍ത്ഥ് ഉന്നയിക്കാറുണ്ട്. ഇതിന്റെ പേരില്‍ പല ആക്രമണങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്.
അധികാരത്തിലേറിയാല്‍ പശ്ചിമ ബംഗാളില്‍ സൗജന്യമായി കൊവിഡ് വാക്‌സീന്‍ നല്‍കുമെന്ന ബി.ജെ.പിയുടെ പ്രസ്താവനയെ പരിഹസിച്ച് സിദ്ധാര്‍ത്ഥ് മുമ്പ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയെ പുറത്താക്കുന്ന ദിവസം ഈ രാജ്യം ‘വാക്സിനേറ്റ്ഡ്’ ആവുമെന്നാണ് താരം ട്വീറ്റ് ചെയ്തത്.
മോദിയെ വിമര്‍ശിച്ച് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ തന്റെ ഫോണ്‍ നമ്പര്‍ ലീക്ക് ചെയ്‌തെന്ന ആരോപണവുമായി നടന്‍ രംഗത്തെത്തിയിരുന്നു. 500ലധികം കോളുകളാണ് വന്നത്. എല്ലാം വധ ഭീഷണിയും, ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.
എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ്. തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നുമാണ് മോദിയേയും അമിത് ഷായേയും ടാഗ് ചെയ്ത് കൊണ്ട് സിദ്ധാര്‍ഥ് കുറിച്ചത്.
‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബി.ജെ.പി അംഗങ്ങള്‍ ലീക്ക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനിക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറും റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബി.ജെ.പി ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല,’ എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.