| Sunday, 21st February 2021, 12:30 pm

വെറും 88 വയസ്സല്ലേ ആയുള്ളു, കുറച്ച് വര്‍ഷം കൂടി കഴിഞ്ഞിട്ട് മതിയായിരുന്നില്ലേ; ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരനെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പിയില്‍ ചേര്‍ന്ന ഡി.എം.ആര്‍.സി മുന്‍ എം.ഡി ഇ.ശ്രീധരനെതിരെ പരിഹാസ ട്വീറ്റുമായി നടന്‍ സിദ്ധാര്‍ത്ഥ്. കുറച്ച് വര്‍ഷം കൂടി കാത്തിരുന്ന ശേഷം ഈ തീരുമാനം എടുക്കാമായിരുന്നില്ലേയെന്നാണ് സിദ്ധാര്‍ത്ഥ് ചോദിച്ചത്.

‘ഇ. ശ്രീധരന്‍ സാറിന്റെയും ഒരു സാങ്കേതികവിദഗ്ധനെന്ന നിലയില്‍ അദ്ദേഹം നല്‍കിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ആവേശഭരിതനാണ് ഞാന്‍. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഈ തീരുമാനം കുറച്ച് നേരത്തെയായി പോയോ എന്നൊരു ആശങ്കയെനിക്കുണ്ട്. ഒരു പത്തോ പതിനഞ്ചോ വര്‍ഷം കാത്തിരുന്നിട്ട് മതിയായിരുന്നു. അദ്ദേഹത്തിന് വെറും 88 വയസ്സല്ലേ ആയിട്ടുള്ളു,’ സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന് ഇ. ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് ആദ്യം അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.

താന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്നും ഇ.  ശ്രീധരന്‍ പറഞ്ഞിരുന്നു. വാര്‍ത്താ ഏജന്‍സിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്,’ ഇ. ശ്രീധരന്‍ പറഞ്ഞു.

ബി.ജെ.പി പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ നല്‍കിയ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ലവ് ജിഹാദ് നിരോധന നിയമത്തെയും ബീഫ് നിരോധനത്തെയും അനുകൂലിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Siddharth criticises E Sreedharan over joining BJP

We use cookies to give you the best possible experience. Learn more