| Tuesday, 3rd May 2022, 9:22 am

ഒരു ബോളിവുഡ് ചിത്രത്തെ ഒരിക്കലും പാന്‍ ഇന്ത്യന്‍ സിനിമ എന്ന് വിശേഷിപ്പിക്കില്ല; പിന്നെയെന്തിനാണ് സൗത്ത് ഇന്ത്യന്‍ സിനിമകളെ മാത്രം അങ്ങനെ പറയുന്നത്: സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാന്‍ ഇന്ത്യന്‍ ചിത്രം എന്ന് സിനിമകളെ വിശേഷിപ്പിക്കുന്നതിനെതിരെ നടന്‍ സിദ്ധാര്‍ത്ഥ്. പാന്‍ ഇന്ത്യ എന്ന വിശേഷണം തന്നെ തമാശയാണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

”15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അഞ്ച് ഭാഷകളില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. പാന്‍ ഇന്ത്യ എന്ന വാക്കുകളൊക്കെ ആളുകള്‍ ഉപയോഗിക്കുന്നതില്‍ സന്തോഷമുണ്ട്.

എന്നാല്‍ ഇവിടെ എത്രയോ കാലങ്ങളായി നിലനില്‍ക്കുന്ന ഒരു കാര്യത്തെ സൂചിപ്പിക്കുന്ന പുതിയ വാക്ക് മാത്രമാണിത്,” ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസിനൊരുങ്ങുന്ന വെബ്‌സീരീസ് എസ്‌കേയ്പ് ലൈവിന്റെ (Escaype Live) പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്.

എല്ലാ സിനിമകളും ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതായതിനാല്‍ ‘പാന്‍ ഇന്ത്യന്‍ ചിത്രം’ എന്ന പ്രയോഗം തന്നെ ഒഴിവാക്കണമെന്നാണ് താരം പറയുന്നത്. തന്നെ ‘സൗത്ത് ആക്ടര്‍’ എന്ന് വിശേഷിപ്പിക്കുന്നതിനെയും സിദ്ധാര്‍ത്ഥ് തള്ളിക്കളഞ്ഞു.

കാലങ്ങളായി സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ ഭാഷകള്‍ മറികടന്ന് വിജയങ്ങളാകുമ്പോള്‍ പാന്‍ ഇന്ത്യ ചിത്രം എന്ന ടാഗിന് യാതൊരു പ്രാധാന്യവുമില്ലെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

”30 വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്റെ ബോസ് മണിരത്‌നം റോജ എന്ന പേരില്‍ ഒരു സിനിമയെടുത്തു. അത് പാന്‍ ഇന്ത്യന്‍ ചിത്രമല്ലെങ്കില്‍ പിന്നെ എന്താണ് ഈ ആളുകള്‍ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല.

ഇത്തരം സിനിമകള്‍ക്ക് ഒരു ടാഗും ആവശ്യമില്ല. അത് ഓഡിയന്‍സില്‍ എത്തുക തന്നെ ചെയ്യും,” താരം പറയുന്നു.

”ഈ ഇന്‍ഡസ്ട്രിയില്‍ കെ.ജി.എഫ് പോലുള്ള സിനിമകള്‍ സ്വന്തമാക്കിയ നേട്ടങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. ഹിന്ദി ഇതര സിനിമകളെ വേര്‍തിരിച്ച് കാണുന്നതിനാണ് പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്ന പ്രയോഗം.

‘ഞങ്ങളാണ് പ്രധാനികള്‍, മറ്റെല്ലാവരും പുറമെ നിന്നുള്ളവരാണ്’, എന്നാണ് ഇതിനര്‍ത്ഥം. ഒരിക്കലും ഒരു ബോളിവുഡ് ചിത്രത്തെ നിങ്ങള്‍ പാന്‍ ഇന്ത്യന്‍ സിനിമ എന്ന് വിശേഷിപ്പിക്കില്ല. ബോളിവുഡ് എന്ന് മാത്രമേ പറയൂ.

പിന്നെ എന്തുകൊണ്ടാണ് സൗത്ത് ഇന്ത്യന്‍ സിനിമകളെ മാത്രം പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് പറയുന്നത്? അത് തെലുങ്ക് സിനിമയോ കന്നഡ സിനിമയോ ആണ്.

ഇന്ത്യന്‍ സിനിമകള്‍ എന്ന് മാത്രമാണ് വിശേഷിപ്പിക്കേണ്ടത്. പാന്‍ എന്ന വാക്ക് വേണ്ട. ബോളിവുഡും ഹിന്ദി മാധ്യമങ്ങളും എന്നെ ‘സൗത്ത് ആക്ടര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.

എന്താണ് അതിനര്‍ത്ഥം? ഞാന്‍ ഒരു ഇന്ത്യന്‍ ആക്ടറാണ്. കഴിഞ്ഞ 20 വര്‍ഷമായി ഞാനിത് പറയുന്നു,” സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.

2006ല്‍ രംഗ് ദേ ബസന്തി എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാര്‍ത്ഥ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

നേരത്തെ കെ.ജി.എഫിന്റെ ആഗോള വിജയത്തെ കുറിച്ച സംസാരിക്കവെ ഹിന്ദി ഭാഷയെക്കുറിച്ചുള്ള നടന്‍ കിച്ച സുദീപിന്റെ പരാമര്‍ശവും ശ്രദ്ധ നേടിയിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും എല്ലാ ഭാഷകളും തുല്യമാണെന്നുമായിരുന്നു സുദീപ് പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ നടന്‍ അജയ് ദേവ്ഗണ്‍ രംഗത്തെത്തുകയും ഇരുവരും തമ്മില്‍ ട്വിറ്ററില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.

Content Highlight: Actor Siddharth against the term ‘Pan India Films’, says it as a way of othering films which are not in Hindi

Latest Stories

We use cookies to give you the best possible experience. Learn more