ചെന്നൈ: കര്‍ഷക സമരത്തെക്കുറിച്ച് ഒരു വാക്ക് പോലും പറയാതെ, വിദേശികള്‍ പ്രതികരിച്ചപ്പോള്‍ ഇന്ത്യ ഒറ്റക്കെട്ടാണ് എന്ന് പറഞ്ഞ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയും അടക്കമുള്ള താരങ്ങളെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയുടെ പശ്ചാത്തലത്തിലാണ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.
‘ഇന്ത്യ മഹത്തരമായ ഒരു രാജ്യമാണ്. ഇംഗ്ലണ്ട് ഞങ്ങള്‍ക്ക് എതിരായി കളിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ നമ്മുടെ പരമാധികാരം അടിയറവ് വെക്കാന്‍ കഴിയില്ല. ഇന്ത്യയ്ക്ക് സ്വയം പന്തെറിയാനും ബാറ്റ് ചെയ്യാനും ഫീല്‍ഡ് ചെയ്യാനും അറിയാം, കൂടാതെ 5 ദിവസത്തിനുള്ളില്‍ ഒരു സൗഹാര്‍ദ്ദപരമായ ഫലം എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ നമ്മുടെ 11 കളിക്കാര്‍ക്കുമൊപ്പം കളിക്കും’, സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
India is a great country. Eng wants to play against us but our sovereignty cannot be comprised. India knows how to bowl, bat and field for itself, & we hope that an amicable result will be reached within 5 days. We will play with all 11 players. #IndiaUnited#IndiaAgainstEngland
നേരത്തേയും കര്‍ഷകസമരത്തെ പിന്തുണച്ച് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടിവരുമെന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നിങ്ങളുടെ ഹീറോയെ വിവേകപൂര്‍വ്വം തെരഞ്ഞടുക്കുക. അല്ലെങ്കില്‍ പ്രശസ്തിയില്‍ നിന്ന് അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടിവരും. വിദ്യാഭ്യാസം, സത്യസന്ധത, കൂടെ ഇത്തിരി നട്ടെല്ലും കൂടിയുണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഒരു പക്ഷവും ചേരാത്ത ശക്തരായ ആളുകള്‍ പെട്ടെന്ന് ഒരു ആസൂത്രിത ശ്രമത്തിന് കീഴില്‍ ഒന്നിച്ചുവരികയും പണയംവെച്ച വസ്തുക്കളെ പോലെ ഒരേ രീതിയില്‍ നിരന്ന് നിന്ന് ഒരേ പാട്ട് പാടുന്നു. ഇതെല്ലാമാണ് പ്രൊപഗന്‍ഡ. നിങ്ങളുടെ പ്രൊപഗന്‍ഡയേതെന്ന് തിരിച്ചറിയുക. #propoganda #farmersprotets’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
‘ വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക