| Saturday, 30th January 2021, 2:13 pm

നാഥുറാം ഗോഡ്‌സേ ഒന്നിനും കൊള്ളാത്ത ആര്‍.എസ്.എസുകാരന്‍, തീവ്രവാദി; ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സംഘപരിവാറിനെതിരെ സിദ്ധാര്‍ത്ഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്‌സെക്കെതിരെ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. നാഥുറാം ഗോഡ്‌സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്‍.എസ്.എസുകാരനുമാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

നാഥുറാമിന്റെ ഓര്‍മ്മകളിലും, പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ നാണക്കേട് തോന്നണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘ഗാന്ധിജി അമര്‍ രഹേ’ എന്ന വാചകത്തോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്.

സിദ്ധാര്‍ത്ഥിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ആയിരത്തിലേറെ പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം നാഥുറാം ദേശസ്‌നേഹിയാണെന്നും ഒരാളെ മാത്രം കൊന്നവനെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് ഹിന്ദുത്വവാദികളും രംഗത്തെത്തി. രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്‍.എസ്.എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര്‍ മറുപടി നല്‍കി.

ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെക്കെതിരെയും സംഘപരിവാറിനെതിരെയും നേരത്തെയും രൂക്ഷനിലപാടുകളുമായി സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കെതിരെ ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയപ്പോള്‍ ശക്തമായ പ്രതികരണവുമായി സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു.

ബാബ്രി മസ്ജിദ് തകര്‍ത്ത കുറ്റകൃത്യത്തിന്റെ വക്താക്കള്‍ സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചു.

‘ഒരു കെട്ടിടം തകര്‍ത്ത് താറുമാറാക്കിയ വിഡ്ഢികളായ തെമ്മാടിക്കൂട്ടത്തെ നമ്മള്‍ സ്നേഹിക്കുകയും ആഘോഷിക്കുകയും നീതിന്യായപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. ആ ക്രൂരമായ കുറ്റകൃത്യത്തിന്റെ വക്താക്കളാണ് ഇന്ന് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്ത് പ്രഭാഷണം നടത്തുന്നത്. വിരോധഭാസം പോലും ഇവിടെ മലക്കംമറിയുകയാണ്. വിയോജിപ്പ് ദേശസ്നേഹമാണ്. ജയ് ശ്രീറാം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Siddharth against Nathuram Godse and Sangh Parivar on Gandhi Martyrs’ Day

We use cookies to give you the best possible experience. Learn more