| Wednesday, 5th May 2021, 9:14 pm

ഒരു പാര്‍ട്ടി പരാജയപ്പെട്ടെന്ന് കരുതി വേറെ എവിടേയും ഇങ്ങനെ അഗ്നിക്കിരയാകില്ല; ബംഗാള്‍ സംഘര്‍ഷത്തില്‍ ബി.ജെ.പിയെ പരോക്ഷമായി കുറ്റപ്പെടുത്തി സിദ്ധാര്‍ത്ഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ സംഘര്‍ഷത്തില്‍ ബി.ജെ.പിയെ പരോക്ഷമായി കുറ്റപ്പെടുത്തി നടന്‍ സിദ്ധാര്‍ത്ഥ്. ഒരു പാര്‍ട്ടി പരാജയപ്പെട്ടെന്ന് കരുതി വേറെ എവിടേയും അഗ്നിക്കിരയാകില്ലെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

‘ഒരു പാര്‍ട്ടി പരാജയപ്പെട്ടെന്ന് കരുതി വേറെ എവിടേയും അഗ്നിക്കിരയാകില്ല. അതിനെക്കുറിച്ച് ചിന്തിക്കുകയാണ്. അവര്‍ എല്ലായ്‌പ്പോഴും വിജയിക്കുകയും പരാജയപ്പെട്ടവര്‍ മുന്നോട്ടുപോകുകയും ചെയ്യുന്നു. വര്‍ഗീയമായി ഹൈജാക്ക് ചെയ്യപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്’, സിദ്ധാത്ഥ് ട്വീറ്റ് ചെയ്തു.

ബംഗാളില്‍ വലിയ പ്രചരണം നടത്തിയെങ്കിലും ബി.ജെ.പിയ്ക്ക് ജയിക്കാനായിരുന്നില്ല.

നേരത്തെ ബംഗാളിലെ അക്രമങ്ങളെ അപലപിച്ച് നടിമാരായ സ്വര ഭാസ്‌കറും പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു.

‘ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അധികാരത്തിനൊപ്പം എത്തുന്ന ആ ഉത്തരവാദിത്തം എവിടെ? മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്’, പാര്‍വ്വതി ട്വീറ്റ് ചെയ്തു. മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഒഫിഷ്യല്‍ അക്കൗണ്ടുകള്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു പാര്‍വതിയുടെ ട്വീറ്റ്.

‘ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് അപരിഷ്‌കൃതവും സുബോധമില്ലാത്ത പ്രവര്‍ത്തിയുമാണ്. ഇത് തടഞ്ഞേ മതിയാവൂ. മമതാ ബാനര്‍ജി, മുഴുവന്‍ രാഷ്ട്രീയ അതിക്രമങ്ങളും തടയൂ. ഒരു അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരൂ. അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരാണെങ്കിലും’, എന്നാണ് സ്വര ഭാസ്‌കറിന്റെ ട്വീറ്റ്.

ബംഗാളിലെ അക്രമങ്ങളില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Siddharath BJP Trinamool Congress Clash West Bengal Election 2021

We use cookies to give you the best possible experience. Learn more