| Tuesday, 23rd May 2023, 8:58 am

ജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ച കാലഘട്ടം അതായിരുന്നു: നടന്‍ സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തില്‍ താന്‍ ഏറ്റവും സന്തോഷിച്ച കാലഘട്ടം സിനിമയിലുള്ള 38 വര്‍ഷങ്ങളാണെന്ന് നടന്‍ സിദ്ദിഖ്. താന്‍ വളരെ പ്രിവിലെജ്ഡ് ആണെന്നും ഒരുപാട് മോഹിച്ചാണ് സിനിമയില്‍ വന്നതെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ചത് സിനിമയില്‍ നിന്നിട്ടുള്ള കാലഘട്ടത്തിലാണ്. പേര്, പ്രശസ്തി, പണം ഇതൊന്നുമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. എനിക്കുള്ള മാനസികമായ സംതൃപ്തിയെക്കുറിച്ചാണ്.

ഞാന്‍ ഒരുപാട് മോഹിച്ചാണ് സിനിമയില്‍ വന്നത്. ഇപ്പോളും ആ മോഹത്തിനൊട്ടും തന്നെ ഒരു കുറവുമില്ല. പുതിയ സിനിമകളിലേക്ക് എന്നെ വിളിക്കുന്നു, പുതിയ കുറേ കഥാപാത്രങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കുന്നു, ക്യാമറയുടെ മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നു, ഓരോ ദിവസവും ഷൂട്ടിങ്ങിന് പോകുന്നു എന്നൊക്കെയുള്ളത് എനിക്ക് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ആലോചിക്കാറുണ്ട്, ഒരുപക്ഷേ സിനിമയില്‍ വന്നില്ലായിരുന്നില്ലെങ്കില്‍ ഈ സന്തോഷമൊന്നും എനിക്കുണ്ടാവില്ലായിരുന്നെന്ന്. സിനിമ നടനായതുകൊണ്ട് മാത്രം എനിക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് പ്രിവിലെജ്ഡ് ആണ്.

ഒരുപാട് വലിയ വ്യക്തികളുമായാണ് ഞാന്‍ ദിവസവും ഇടപെടുന്നത്. ഇതൊക്കെ എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. കഴിഞ്ഞ 38 വര്‍ഷമായി ഞാന്‍ അനുഭവിക്കുന്നത് ഈ സന്തോഷമാണ്’, താരം പറഞ്ഞു.

സംവിധായകന്‍ പ്രിയദര്‍ശനുമായി വളരെ നല്ല അടുപ്പമാണെന്നും ‘ഒപ്പം’ സിനിമയില്‍ വളരെ യാദൃശ്ചികമായാണ് താന്‍ എത്തിപ്പെട്ടതെന്നും സിദ്ദിഖ് പറഞ്ഞു.

‘പ്രിയന്‍ സാറുമായിട്ട് വളരെ നല്ലൊരു അടുപ്പമാണുള്ളത്. ഒരിക്കല്‍ ഞാന്‍ വീട്ടിലിങ്ങനെ വെറുതെ ഇരിക്കുന്ന സമയത്താണ് പ്രിയന്‍ സാര്‍ വിളിച്ചത്. സാര്‍ വിളിച്ചിട്ട് പെട്ടെന്ന് തന്നെ ലൊക്കേഷനിലേക്ക് വരാന്‍ പറഞ്ഞു.

അവിടെ ചെന്നപ്പോളാണ് ‘ഒപ്പം’ സിനിമയിലേക്ക് വേണ്ടിയാണ് വിളിച്ചതെന്ന് മനസ്സിലായത്. സാറിനെ കണ്ടപ്പോള്‍ തന്നെ എന്നോട് പറഞ്ഞു, പെട്ടെന്ന് തന്നെ മേക്കപ്പും കോസ്റ്റ്യൂമൊക്കെയിട്ട് വരാന്‍. അതിനുശേഷമാണ് എന്നോട് പറയുന്നത് ഈ സിനിമയില്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കഥാപാത്രം മോഹന്‍ലാലിന്റെ സുഹൃത്തായിട്ടാണെന്നുമൊക്കെ.

ഒപ്പം വലിയ ഹിറ്റായി. പടം റിലീസ് ചെയ്ത അന്നു തന്നെ ഞാന്‍ സാറിനെ വിളിച്ച് പറഞ്ഞു, എന്റെ മകന്‍ സിനിമ കണ്ടുവെന്നും, സിനിമ ഗംഭീരമായിട്ടുണ്ടെന്നും. നമുക്ക് അടുത്ത പടത്തിലൊരു നല്ല റോള്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

അതിന് ശേഷം ‘കുഞ്ഞാലി മരക്കാറില്‍’ ലാലിന്റെ കൂടെ ഒരു മുഴുനീള കഥാപാത്രമാണ് ചെയ്തത്. അതിനൊക്കെ ശേഷം പെട്ടെന്നൊരു ദിവസം എന്നെ വിളിച്ചു പറഞ്ഞു. പുതിയൊരു സിനിമ ചെയ്യാന്‍ പോകുന്നുണ്ടെന്നും ഞാനാണ് അതിലെ കേന്ദ്രകഥാപാത്രം ചെയ്യാന്‍ പോകുന്നതെന്നും. അങ്ങിനെയാണ് കൊറോണ പേപ്പേര്‍സ് സംഭവിക്കുന്നത്’, സിദ്ദിഖ് പറഞ്ഞു.

Content Highlights : Actor Siddique about Priyadarshan and movies

We use cookies to give you the best possible experience. Learn more