ന്യൂദല്‍ഹി: കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ക്ക് മറുപടിയുമായി നടന്‍ സിദ്ധാര്‍ത്ഥ്. സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടിവരുമെന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നിങ്ങളുടെ ഹീറോയെ വിവേകപൂര്‍വ്വം തെരഞ്ഞടുക്കുക. അല്ലെങ്കില്‍ പ്രശസ്തിയില്‍ നിന്ന് അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടിവരും. വിദ്യാഭ്യാസം, സത്യസന്ധത, കൂടെ ഇത്തിരി നട്ടെല്ലും കൂടിയുണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഒരു പക്ഷവും ചേരാത്ത ശക്തരായ ആളുകള്‍ പെട്ടെന്ന് ഒരു ആസൂത്രിത ശ്രമത്തിന് കീഴില്‍ ഒന്നിച്ചുവരികയും പണയംവെച്ച വസ്തുക്കളെ പോലെ ഒരേ രീതിയില്‍ നിരന്ന് നിന്ന് ഒരേ പാട്ട് പാടുന്നു. ഇതെല്ലാമാണ് പ്രൊപഗന്‍ഡ. നിങ്ങളുടെ പ്രൊപഗന്‍ഡയേതെന്ന് തിരിച്ചറിയുക. #propoganda #farmersprotets’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Choose your heroes wisely or watch them fall from grace. Education, empathy, honesty and a little spine could have saved the day. Alas.
When powerful people who never take a stand, all suddenly sing the same tune in an orchestrated effort and just tow the line they are told to like pawns, that’s what propaganda is all about. Know your #propaganda. #farmersrprotest
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.
റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക