| Wednesday, 12th March 2025, 1:31 pm

എന്തെങ്കിലും ചാന്‍സ് ഉണ്ടോ എന്ന് ചോദിക്കുന്നിടത്തു നിന്നും, ബ്രോ ഫ്രീയാണെങ്കില്‍ ഒരു കഥ കേള്‍ക്കാമോ എന്നിടത്ത് എത്തി: ശ്യാം മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിന് പിന്നാലെ കരിയറില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ശ്യാം മോഹന്‍.

സിനിമയില്‍ ചാന്‍സ് ചോദിച്ച് അങ്ങോട്ട് പോയിടത്തു നിന്നും ബ്രോ ഫ്രീയാണെങ്കില്‍ സമയമുണ്ടോ ഒരു കഥ കേള്‍ക്കാമോ എന്ന് ചോദിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തിയെന്ന് ശ്യാം മോഹന്‍ പറഞ്ഞു.

‘ എന്റെ കരിയര്‍ ഉറപ്പായും ഇപ്പോള്‍ മുന്നോട്ട് പോകുന്നത് ജെ.കെ ഇംപാക്ടിന്റെ പുറത്താണ്. അതേ പോലുള്ള ക്യാരക്ടറുകള്‍ വരുന്നുണ്ടെന്നല്ല, ആദി എന്ന ക്യാരക്ടറിന് ശേഷമാണ് എനിക്കൊരു സ്‌പേസ് ഉണ്ടായത്.

അതിന് മുന്‍പ് നമ്മള്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. യൂ ട്യൂബിലൊക്കെ പെര്‍ഫോം ചെയ്തിട്ടുണ്ട്. പലര്‍ക്കും അറിയാമായിരുന്നെങ്കിലും വിശ്വസിച്ച് ഒരു ക്യാരക്ടര്‍ ഏല്‍പ്പിക്കുക എന്ന് പറയുന്നത് ഒരു ഡയറക്ടറുടെ ധൈര്യമാണ്. ആ ധൈര്യം കാണിച്ചത് ഗിരീഷും കിരണ്‍ ജോസിയും ഭാവന സ്റ്റുഡിയോസുമാണ്.

പടത്തിലെ ഒരു മേജര്‍ ക്യാരക്ടറാണ്. വലിയ കഥാപാത്രമാണ്. അത് ഒരു പുതിയ ആള്‍ വന്ന് ചെയ്താല്‍ ശരിയാകുമോ എന്ന് അറിയില്ലല്ലോ.

ആര്‍ക്കും അറിയില്ലല്ലോ. ഞാനാണ് ആ പടത്തിന്റെ എഴുത്തുകാരനോ സംവിധായകനോ എങ്കില്‍ ഞാന്‍ ഒരിക്കലും ഒരു പുതിയ ആളെ വെച്ച് ആ കഥാപാത്രം ചെയ്യിക്കില്ല. ആ ക്യാരക്ടര്‍ വലിയൊരു ആള്‍ ചെയ്താലേ ശരിയാകൂ എന്ന് പറയും. എനിക്ക് പേടിയാണ്.

അങ്ങനെ ഒരു പരിപാടി ഗിരീഷ് എനിക്ക് തന്നതുകൊണ്ടാണ് ആദി എന്ന ക്യാരക്ടര്‍ സംഭവിച്ചത്. ആദി തന്നെയാണ് എനിക്ക് മുന്‍പോടുള്ള യാത്ര എളുപ്പമാക്കിയതും.

എന്തെങ്കിലും ചാന്‍സുണ്ടോ ബ്രോ എന്ന് നമ്മള്‍ അങ്ങോട്ട് ചോദിക്കുന്നിടത്തും നിന്നും നമ്മുടെ അടുത്തേക്ക് വന്നിട്ട് ബ്രോ ഒരു കഥകേള്‍ക്കാമോ എപ്പോഴാണ് ഫ്രീയാകുക എന്നിടത്ത് എത്തിയിട്ടുണ്ട്. അത് വലിയൊരു സന്തോഷമാണ്.

ജീവിതത്തിലേക്ക് വന്നാല്‍ നമ്മുടെ പ്രൈവസി മൊത്തത്തില്‍ പോയിക്കിട്ടിയിട്ടുണ്ട്. പക്ഷേ അത് സന്തോഷമുള്ള കാര്യമാണ്. നമ്മള്‍ അത് പ്രതീക്ഷിക്കുന്നുണ്ടല്ലോ. സിനിമ പോലെയൊരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നാല്‍ ആളുകള്‍ നമ്മളെ അങ്ങനെയാണ് കാണുക.

ലാലട്ടന്‍, മമ്മൂക്ക എന്ന് പറയുമ്പോള്‍ നമ്മള്‍ അറിയാതെ ഓടിപ്പോവില്ലേ. അതൊക്കെ ഒരു കാലത്ത് നമ്മളും ആഗ്രഹിച്ചിരുന്നു. ബോംബെയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കുര്‍ല സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് നമ്മളെയൊന്നും ആരും തിരിച്ചറിയുന്നില്ലല്ലോ എന്ന്.

എന്റേയും സംഗീതിന്റെയുമൊക്കെ ഫാന്‍സ് കുട്ടികളാണ്. നമ്മളെ കാണുമ്പോള്‍ ഒരു കാര്‍ട്ടൂണ്‍ ക്യാരക്ടറിനെ കാണുന്ന പോലെയാണ് അവര്‍ക്ക്,’ ശ്യാം മോഹന്‍ പറഞ്ഞു.

Content Highlight: Actor Shyam Mohan about Premalu Character and his Movie Journey

Latest Stories

We use cookies to give you the best possible experience. Learn more