| Tuesday, 22nd November 2022, 8:33 pm

പ്രേതത്തിലും ആത്മാവിലും എനിക്ക് വിശ്വാസമുണ്ട്, ആ സിനിമയില്‍ കോസ്റ്റിയൂം ഇട്ട് ലൊക്കേഷനില്‍ എത്തിയാല്‍ എന്റെ കണ്ണ് ചുവക്കും: ശ്വേതാ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനില്‍ കുമ്പഴ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമാണ് പള്ളിമണി. ശ്വേതാ മേനോന്‍, നിത്യ ദാസ് , കൈലാഷ് എന്നിവരാണ് ചിത്രത്തിലേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിടെ തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറയുകയാണ് ശ്വേതാ മേനോന്‍.

കോസ്റ്റിയൂം ഇട്ട് ലൊക്കേഷനില്‍ എത്തുമ്പോള്‍ തന്റെ കണ്ണ് ചുവക്കുകയും ശബ്ദം പോവുകയും ചെയ്യുമായിരുന്നുവെന്ന് താരം പറഞ്ഞു. സെറ്റില്‍ വേറെ ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഇല്ലായിരുന്നുവെന്നും ശ്വേത പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേതാ മേനോന്‍ ഇക്കാര്യം പറഞ്ഞത്.

”എനിക്ക് പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ട്. പ്രേത സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രേതത്തിന്റെ സാന്നിദ്യം അനുഭവപ്പെട്ടു. കോസ്റ്റിയൂം ഇട്ട് ഞാന്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ എന്റെ കണ്ണ് ചുവപ്പായി. ഒരു സമയത്ത് എന്റെ ശബ്ദം വരെ പോയിരുന്നു. പിന്നീട് ഷൂട്ട് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

ഭയങ്കര നെഗറ്റീവ് എനര്‍ജിയും ഞാന്‍ ആകെ തളര്‍ന്ന് പോയിരുന്നു. ഷൂട്ടിന്റെ കോസ്റ്റിയൂം ഇട്ടാല്‍ മാത്രമാണ് അത്തരം പ്രശ്‌നങ്ങള്‍ വരുക. സെറ്റില്‍ വേറെ ആര്‍ക്കും ആ പ്രശ്‌നം ഉണ്ടായിട്ടില്ല. എനിക്ക് മാത്രമായിരുന്നു ഈ അനുഭവങ്ങള്‍ ഉണ്ടായത്. ഞാന്‍ ഇട്ട ഡ്രസ് ഭയങ്കര പേടിപ്പെടുത്തുന്നതാണ്.

പള്ളിമണിയില്‍ പ്രേതമില്ല. മരിച്ച് പോയ ആരും ആ സിനിമയില്‍ ഇല്ല, ജീവിച്ച് ഇരിക്കുന്നവരാണ് മുഴുവന്‍ കഥാപാത്രങ്ങളും. പിന്നെ ഹൊറര്‍ മ്യൂസിക്ക് ഒക്കെ ഉള്ളത് കൊണ്ടാണ് കാണുമ്പോള്‍ ഹൊറര്‍ ഫിലിം ആണെന്ന് തോന്നുന്നത്. ഒന്നരമണിക്കൂര്‍ ഉള്ള ഫാസ്റ്റ് മൂവിങ് സിനിമയാണ്. ത്രില്ലറായത് കൊണ്ട് ലാഗ് വരാതിരിക്കാനാണ് സിനിമ ഒന്നരമണിക്കൂര്‍ ആക്കിയത്.

ഞാന്‍ ഇന്ന് വരെ ചെയ്യാത്ത ഴോണറില്‍ ഉള്ള സിനിമയാണ് പള്ളിമണി. ആ സിനിമയുടെ ഗെറ്റപ്പും എനിക്ക് ഭയങ്കര ത്രില്ലിങ്ങാണ് തന്നത്. അതില്‍ ലുക്കില്‍ ഞാന്‍ മേക്കപ്പ് റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആളുകള്‍ പേടിക്കുമായിരുന്നു,” ശ്വേതാ മേനോന്‍ പറഞ്ഞു.

വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. അഭിനയജീവിതത്തില്‍ നിന്ന് വിവാഹ ശേഷം മാറി നിന്ന് നിത്യ ദാസ് തിരിച്ചെത്തുന്ന ചിത്രമാണ് പള്ളിമണി.

content highlight: actor shwetha menon about ghost experience

We use cookies to give you the best possible experience. Learn more