ബോളിവുഡിലെ അഭിനേതാക്കള്‍ തമ്മില്‍ വലിയ ഈഗോ നിലനില്‍ക്കുന്നുണ്ടെന്നും സുഹൃത്തുക്കളാണെന്ന കരുതിയ പലരും തന്നെ പിന്നില്‍ നിന്നും കുത്തുകയായിരുന്നെന്നും നടന്‍ ശ്രേയസ് താല്‍പഡേ. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ശ്രേയസ് സംസാരിച്ചത്.
സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ തനിക്ക് അറിയില്ലെന്നും ചെയ്യുന്ന സിനിമകളിലെ പെര്‍ഫോമന്‍സ് കണ്ട് ആളുകള്‍ മനസ്സിലാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.
‘അടുത്ത കാലത്താണ് ചില നടന്മാര്‍ക്ക് എന്നോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും അവരുടെ സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയിരുന്നെന്നും മനസ്സിലാക്കുന്നത്. എന്നോടൊപ്പം അഭിനയിക്കുമ്പോള്‍ അവര്‍ക്ക് ഇന്‍സെക്യുര്‍ ആയി അനുഭവപ്പെടുന്നതു കൊണ്ടായിരുന്നു അത്.
സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം ഞാന്‍ ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. അവസാനം അതേ സുഹൃത്തുക്കള്‍ തന്നെ എന്നെ പിന്നില്‍ നിന്നും കുത്തി. പിന്നെ വേറെ ചില സുഹൃത്തുക്കളുണ്ട്, അവര്‍ എല്ലാ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നത് കാണുമ്പോള്‍ അവരൊക്കെ എന്റെ സുഹൃത്തുക്കള്‍ തന്നെയാണോ എന്ന് എനിക്ക് തോന്നും.
സത്യം പറഞ്ഞാല്‍, സിനിമയില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന 90 ശതമാനം പേരും വെറും പരിചയക്കാര്‍ മാത്രമാണ്. ബാക്കിയുള്ള പത്ത് ശതമാനം പേര്‍ക്ക് മാത്രമേ നിങ്ങള്‍ എന്തെങ്കിലും നല്ലത് ചെയ്താല്‍ സന്തോഷം കാണൂ. വളരെ ദുര്‍ബലമായ ഈഗോയുള്ളവരാണ് ഇവിടെയെല്ലാം,’ ശ്രേയസ് താല്‍പഡേ പറഞ്ഞു.
ഇക്ബാല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രേയസ് ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ഓം ശാന്തി ഓം, ഗോല്‍മാല്‍ റിട്ടേണ്‍സ് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊമേഴ്‌സ്യല്‍ സിനിമയിലേക്ക് വഴിയൊരുക്കി. പോസ്റ്റര്‍ ബോയ്‌സ് ചിത്രവും ശ്രേയസ് സംവിധാനം ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Shreyas Talpade shares bad experience from Bollywood