| Wednesday, 18th October 2023, 1:16 pm

വില്ലനിസത്തിലും ഹാസ്യം നിറഞ്ഞ എക്‌സ്പ്രഷന്‍സ്, വിനായകന്‍ എന്നെ ഞെട്ടിച്ചു : ശിവ രാജ്കുമാര്‍  

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ മൊത്തം പ്രകമ്പനം ഉണ്ടാക്കിയ ചിത്രമായിരുന്നു തലൈവര്‍ രജനിയുടെ ജയിലര്‍. മൂന്നു ഭാഷകളിലെ സൂപ്പര്‍സ്റ്റാറുകള്‍ ആദ്യമായ് ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ജയിലറിനുണ്ട്. വമ്പന്‍ ചിത്രത്തില്‍ രജനിക്കെതിരെ സിനിമയിലെ പ്രധാന വില്ലനായി തകര്‍ത്താടിയത് നടന്‍ വിനായകന്‍ ആയിരുന്നു. വ്യക്തിജീവിതത്തില്‍ ഒരുപാട് വിവാദങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും സിനിമയിലെ പ്രകടനം കൊണ്ട് വലിയ രീതിയില്‍ കൈയടി നേടാന്‍ വിനായകന് സാധിച്ചിരുന്നു.

ജയിലറിലെ വിനായകന്റെ പ്രകടനത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് കന്നട സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്‍. ജയിലര്‍ ചിത്രത്തില്‍ നരസിംഹ എന്ന കഥാപാത്രത്തെ ശിവ രാജ്കുമാര്‍ ആയിരുന്നു അവതരിപ്പിച്ചത്.

വിനായകന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത് എന്നാണ് താരം പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

വിനായകന്‍ അതിഗംഭീര പ്രകടനമാണ് ജയിലറില്‍ കാഴ്ചവെച്ചത്. പ്രധാന വില്ലന്‍ കഥാപാത്രമായ വര്‍മനായി വിനായകന്‍ തിളങ്ങുമ്പോഴും അതിനൊപ്പം ഹാസ്യവും കൂടെ കോര്‍ത്തിണക്കി നിരവധി എക്‌സ്പ്രഷന്‍സ് അയാള്‍ കൈയില്‍ നിന്നിടുന്നുണ്ട്.

അത് എല്ലാ മലയാള അഭിനേതാക്കളുടെയും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുണ്ട്. മലയാളികള്‍ ആ കാര്യത്തില്‍ ഒരുപാട് കഴിവുള്ളവരാണ്. ചെയ്യുന്ന വേഷങ്ങള്‍ക്കനുസരിച്ച് കഥാപാത്രത്തിന് ആവശ്യമായ ഭാവ പ്രകടനങ്ങള്‍ മനോഹരമായി സ്‌ക്രീനില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. വിനായകനിലും അത് പ്രകടമാണ്.

തിലകന്‍ സാറിന്റെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം അഭിനയിക്കുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. മോഹന്‍ലാല്‍ ആണെങ്കിലും മമ്മൂട്ടിയാണെങ്കിലുമെല്ലാം അവരുടേതായ രീതിയില്‍ പ്രത്യേകതയുള്ള താരങ്ങളാണ്.

എല്ലാവര്‍ക്കും പ്രത്യേകമായ ഓരോ അഭിനയ രീതിയുണ്ട്. പൃഥ്വിരാജിന്റെ സിനിമകളെല്ലാം ഞാന്‍ കാണാറുണ്ട്. പുതിയ തലമുറയില്‍ യുവ നടന്മാരില്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്റെ ഫേവറീറ്റ് ആക്ടറാണ്. ഫഹദ് ഫാസിലിന്റെ പ്രകടനവും എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ ശിവ രാജ്കുമാര്‍ പറയുന്നു.

Content Highlight: Actor Shivrak Kumar about Actor Vinayakan performance on Jailer

Latest Stories

We use cookies to give you the best possible experience. Learn more