ഷൈന്‍ ടോം ചാക്കോ നായകനാകുന്ന പുതിയ ചിത്രമാണ് വിചിത്രം. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായിരിക്കുകയാണ് ചിത്രം. ബാലു വര്‍ഗീസ്, കനി കുസൃതി, ലാല്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാണ്.
അഞ്ച് ചേട്ടാനുജന്മാരുള്ള ഒരു കുടുംബത്തിന്റെ കഥയാണ് വിചിത്രമെന്ന് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിചിത്രത്തെക്കുറിച്ചും പോസ്റ്ററിനെക്കുറിച്ചും ഷൈന്‍ പറഞ്ഞത്.
”അഞ്ച് ചേട്ടാനുജന്മാരുള്ള വലിയ കുടുംബമാണ് വിചിത്രത്തിലുള്ളത്. രണ്ട് ട്വിന്‍സുണ്ട് ചിത്രത്തില്‍, ഷിയാനും ഷിഹാനും. സിനിമയുടെ പോസ്റ്റര്‍ കണ്ടില്ലെ, എല്ലാവരുടെയും മുഖത്ത് ഒരു ഞെട്ടലുണ്ട്. അത് അറിയാനാണ് പതിനാലാം തിയതി സിനിമ കാണാന്‍ വരേണ്ടത്.
ഒരു ദിവസം നികില്‍ രവീന്ദ്രനും ഞങ്ങളെല്ലാവരും ഒരുമിച്ച് താമസിച്ചപ്പോള്‍ പറഞ്ഞ കഥയാണിത്. അമ്മയും അഞ്ച് ആണ്‍കുട്ടികളും അവിടെ നിന്നാണ് പരിപാടി തുടങ്ങിയത്. പിന്നീട് അതിനെ ഇങ്ങനെയാക്കി കൊണ്ടു വന്നത് ഡയറക്ടര്‍ അച്ചുവാണ്.
അതിന്റെ ഇടയില്‍ പെട്ടെന്നാണ് കൊറോണ വന്നത്. പക്ഷേ അത് ഒരു കണക്കിന് പ്രൊഡ്യൂസര്‍ക്ക് സഹായമായിരുന്നു. പോസ്റ്ററില്‍ കാണാത്ത ചില നല്ല കഥാപാത്രങ്ങള്‍ കൂടി സിനിമയിലുണ്ട്,” ഷൈന്‍ പറഞ്ഞു.
”ഒ.ടി.ടി ബിസിനസ് നല്ലൊരു ബിസിനസാണ്. തിയേറ്റര്‍ ഓപ്പണ്‍ അല്ലാത്ത സമയങ്ങളിലും ചില വലിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ ചെറിയ സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടാത്ത അവസ്ഥയുണ്ട്, ഈ സമയങ്ങളിലെല്ലാം വലിയ ഉപകാരമാണ് ഒ.ടി.ടി. പക്ഷേ തിയേറ്ററില്‍ ഇറങ്ങിയ സിനിമ പെട്ടെന്ന് തന്നെ ഒ.ടി.ടിയില്‍ കാണാമെന്നത് തിയേറ്ററിലേക്കുള്ള ആളുകളെ കുറയ്ക്കും.
എന്നാല്‍ സിനിമ തിയേറ്ററില്‍ പോയി ആളുകള്‍ കണ്ടാല്‍ മാത്രമാണ് വിജയിക്കുകയുള്ളു. ചിലര്‍ വിചാരിക്കും നിങ്ങളുടെ സിനിമ ഞങ്ങള്‍ കണ്ടാല്‍ അതിനുള്ള ഗുണം കിട്ടുക നിങ്ങള്‍ക്കല്ലെയെന്ന് പിന്നെ എന്തിനാണ് ഞങ്ങള്‍ വന്ന് കാണുന്നതെന്ന്. ഒരിക്കലും അങ്ങനെയല്ല, നമ്മുടെ നാട്ടില്‍ ഒരു സാധനം ഹിറ്റായാല്‍ അത് എല്ലാവരുടെയും വിജയമാണ്,” ഷൈന്‍ പറഞ്ഞു.