| Thursday, 29th December 2022, 11:56 pm

കോക്പീറ്റില്‍ കയറിയത് വെറുതെയല്ല; ഒരു എയര്‍ഹോസ്റ്റസിനെയും കണ്ടില്ല, എനിക്ക് ആകെ ദേഷ്യം വന്നു: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവം വിശദീകരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. കോക്പീറ്റില്‍ കയറിയത് വിമാനം എങ്ങനെയാണ് ഓടിക്കുന്നതെന്ന് അറിയാനായിരുന്നുവെന്നാണ് ഷൈന്‍ പറഞ്ഞത്.

വിമാനം അവര്‍ പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും അതുകൊണ്ട് ഓടിക്കുന്നത് കാണിച്ചു തരുമോയെന്ന് റിക്വസ്റ്റ് ചെയ്യാനാണ് താന്‍ ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതെന്നും ഷൈന്‍ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലെ അവതാരകരുടെ ചോദ്യത്തിനോടാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കോക്പിറ്റീല്‍ കയറിയ അനുഭവത്തെക്കുറിച്ച് നിങ്ങള്‍ എന്നോടാണോ ചോദിക്കുന്നത്. അതിനെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നവരോട് പോയി ചോദിക്കണം. ശരിക്കും കോക്പീറ്റ് എന്ന് പറഞ്ഞാല്‍ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാന്‍ പോയത്.

നമ്മളെ ഒരു കോര്‍ണറിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു, ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല. കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവര്‍ പൊന്തിക്കുന്നത്. കോക്പീറ്റ് എന്ന് പറയുമ്പോള്‍ കോര്‍പീറ്റ് എന്നാണ് ഞാന്‍ കേള്‍ക്കുന്നത്.

അവരോട് കോക്പീറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാല്‍ അവര്‍ കാണിച്ച് തരും പക്ഷെ റിക്വസ്റ്റ് ചെയ്യാന്‍ അവരെ കാണണ്ടേ. ഞാന്‍ അതിനുള്ളിലേക്ക് അവരെ കാണാനായാണ് പോയത്. അവര്‍ ഏത് സമയവും അതിനുളള്ളിലാണ്. അങ്ങോട്ട് ചെന്നല്ലാതെ കാണാന്‍ കഴിയില്ലല്ലോ.

ഫ്‌ളൈറ്റ് ഓടിക്കാനൊന്നും എനിക്ക് അപ്പോള്‍ തോന്നിയില്ല. അവര്‍ ഇത് എങ്ങനെയാണ് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് ഞാന്‍ പോയി നോക്കിയത്. അതില്‍ ഒരു എയര്‍ഹോസ്റ്റസും ഇല്ലായിരുന്നു. എനിക്ക് ആകെ ദേഷ്യം വന്നു,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

സംഭവം നടന്ന ദിവസം ഷൈനിനെ ഇറക്കിയശേഷം, മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. അബദ്ധം പറ്റിയതാണെന്ന ഷൈനിന്റെ വിശദീകരണം മുഖവിലയ്ക്കെടുത്ത് എയര്‍ ഇന്ത്യ അധികൃതര്‍ നിയമനടപടികള്‍ ഒഴിവാക്കി.

പൈലറ്റും കോ പൈലറ്റും ചേര്‍ന്ന് വിമാനത്തിന്റെ യാത്രാ ഗതി നിയന്ത്രിക്കുന്ന അതീവ സുരക്ഷാ ഇടമാണ് കോക്പിറ്റ്. അപകട-അട്ടിമറി സാധ്യതകള്‍ ഉള്ളതിനാല്‍ പൈലറ്റിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കുന്നതില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കാണ് അനുമതിയില്ലാതെ ഷൈന്‍ കയറി ചെന്നതെന്നായിരുന്നു അന്നത്തെ പരാതി.

content highlight: actor shine tom chakko about flight issue

We use cookies to give you the best possible experience. Learn more