സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് എത്തിയ നടനാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തപ്പോള്‍ അടിമയായി നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ.
എന്നാല്‍ ആഷിഖ് അബു തന്നെ പോലെയല്ലെന്നും അദ്ദേഹം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐയുടെ ചെയര്‍മാനായത് കൊണ്ട് കമലിനോട് സംസാരിക്കാന്‍ ഭയമില്ലാത്ത, മുട്ട് മടക്കാന്‍ തയ്യാറാകാത്ത വ്യക്തിയായിരുന്നെന്നും ഷൈന്‍ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അസിസ്റ്റന്റ് ഡയറക്ടറായാല്‍ കുറച്ച് അടിമയായി നില്‍ക്കേണ്ടി വരും. എന്നാല്‍ അങ്ങനെ മുട്ട് മടക്കാത്തവരും അടിമയായി നില്‍ക്കാത്തവരും ഉണ്ട്. അവര്‍ക്ക് കുറച്ച് രാഷ്ട്രീയമുള്ളത് കൊണ്ടാകും നട്ടെല്ല് മടക്കാത്തത്. അടിമ എന്ന് പറയുമ്പോള്‍ തന്നെ ബ്രീട്ടീഷുകാരുടെ അടിമ എന്നതിലേക്കാണ് പോവുക.
അങ്ങനെയൊന്നും വര്‍ക്ക് ചെയ്യാന്‍ പറ്റാത്തവരെ ഞാന്‍ കണ്ടിട്ടുണ്ട്. ആഷിഖ് അബു ഒന്നും സാറിന്റെ മുന്നില്‍ അത്ര അടിമയായിട്ട് നില്‍ക്കില്ല. സാറിന്റെ മുന്നില്‍ വ്യക്തമായി കാര്യങ്ങള്‍ തുറന്ന് പറയുന്നത് കാണുമ്പോള്‍ നമ്മളൊക്കെ അതിശയിക്കും.
സാറിന്റെ അടുത്തൊക്കെ സംസാരിക്കാന്‍ വരെ കുറച്ച് കഴിയണം. എന്നാല്‍ ആഷിഖ് വന്ന അന്ന് തന്നെ സാറിനോട് സംസാരിക്കാന്‍ തുടങ്ങി. ഇത് കൊള്ളാലോ എന്താ പരിപാടി എന്ന് ചോദിച്ചപ്പോഴാണ് മഹാരാജാസിലെ എസ്.എഫ്.ഐയുടെ ചെയര്‍മാനാണെന്ന് പറയുന്നത്.
മഹാരാജാസിലെ ചെയര്‍മാനാണെങ്കില്‍ ഒന്നും നോക്കണ്ട, അവന്‍ അത്യാവശ്യം നട്ടെല്ലുള്ള വ്യക്തിയായിരിക്കും. എനിക്ക് രാഷ്ട്രീയം ഇല്ലായിരുന്നു. ഞാന്‍ ആഷിഖിന്റെ സഖാവായിരുന്നു. സഖാവ് എന്ന് പറഞ്ഞാല്‍ കൂട്ടുകാരന്‍.
ആഷിഖിന്റെ അസിസ്റ്റന്റായിട്ട് വര്‍ക്ക് ചെയ്തപ്പോഴാണ് ഡയറക്ടറിന്റെ അടുത്തേക്ക് എത്തിയത്. കൂടുതല്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയതും,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
അടിയാണ് ഷൈനിന്റെ ഏറ്റവും പുതിയ സിനിമ. ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. അഹാന കൃഷ്ണയാണ് ഫീമെയ്ല്‍ ലീഡായി എത്തുന്നത്.
content highlight: actor shine tom chakko about aashiq abu