|

മമ്മൂക്കയുടെ മുന്നില്‍ പെട്ടെന്ന് ഒരു പരിപാടിയും നടക്കില്ല; സംസാരം പോലും: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്പത്തില്‍ തനിക്ക് മമ്മൂട്ടിയുടെ സിനിമകളോട് താത്പര്യമുണ്ടായിരുന്നില്ലെന്നും മോഹന്‍ലാലിന്റെ സിനിമകളോടായിരുന്നു താത്പര്യമെന്നും പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. രാപ്പകലിലൂടെയാണ് താന്‍ മമ്മൂട്ടിയുമായി സിനിമ ചെയ്യാന്‍ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി വലിയ ഗൗരവക്കാരനും ആരോടും പെട്ടെന്ന് അടുക്കാത്ത ആളുമാകും എന്നായിരുന്നു തന്റെ ചിന്തയെന്നും എന്നാല്‍ പിന്നീട് ആ ചിന്തയില്‍ മാറ്റം വന്നെന്നും ഷൈന്‍ പറയുന്നു. വണ്‍ റ്റു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെറുപ്പത്തില്‍ മമ്മൂക്കയുമായി ഒരു തരത്തിലും സ്വരചേര്‍ച്ച ഇല്ലാത്ത കാണിയായിരുന്നു ഞാന്‍. അന്ന് ലാലേട്ടന്റെ പടങ്ങളുമായിട്ടായിരുന്നു എനിക്ക് സ്വരചേര്‍ച്ച കൂടുതല്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ഇഷ്ടം അദ്ദേഹത്തിന്റെ സിനിമകളോടായിരുന്നു. രാപ്പകലിലൂടെയാണ് ഞാന്‍ മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ തുടങ്ങുന്നത്.

അപ്പോഴും അദ്ദേഹം വലിയ ഗൗരവക്കാരനും ആരോടും മിങ്കിള്‍ ചെയ്യാത്ത ആളുമാകും എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഓരോ പടം കഴിയുംതോറും അതൊക്കെ മാറി വരുന്ന കാഴ്ചയാണ് കണ്ടത്. സാധാരണ നമ്മള്‍ ആളുകളെ കൂടുതല്‍ പരിചയപ്പെടുമ്പോള്‍ അയാള്‍ ഡിസ്റ്റര്‍ബെന്‍സും ബോറിങ്ങുമായി വരികയാണ് ചെയ്യുക. പക്ഷെ ഇവിടെ മമ്മൂക്കയുടെ കാര്യത്തില്‍ നമുക്ക് കൂടുതല്‍ താത്പര്യം വരികയാണ് ചെയ്തത്.

ആക്ടറായി പെര്‍ഫോം ചെയ്തപ്പോള്‍ അദ്ദേഹത്തോട് അടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവുകയായിരുന്നു. പിന്നെ മമ്മൂക്കയുടെ അടുത്ത് പെട്ടെന്ന് ഒരു പരിപാടിയും നടക്കില്ല. സംസാരിക്കാന്‍ ആണെങ്കില്‍ പോലും അങ്ങനെയാണ്. ചിലര്‍ക്ക് പറ്റുമായിരിക്കും, പക്ഷെ എനിക്ക് അങ്ങനെയല്ല, എന്നെ കൊണ്ട് അതിന് പറ്റില്ല,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.


Content Highlight: Actor Shine Tom Chacko Talks About Mammootty