| Sunday, 16th October 2022, 3:57 pm

ഞാന്‍ കള്ളു കുടിച്ചിട്ടാണോ, കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിക്കുന്നതെന്നാണ് പലര്‍ക്കും അറിയേണ്ടത്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും നേരത്തെ തന്നെ ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. ഭീതിയുടെ ഒരു പുത്തന്‍ കാഴ്ച പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീര്‍ത്തും വ്യത്യസ്ഥമായ ഒരു ചിത്രമാണ് വിചിത്രം. ഷൈന്‍ ടോം ചാക്കോ, കനി കുസൃതി തുടങ്ങി ചിത്രത്തിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍, ഷൈനിന് ലഭിക്കുന്ന കഥാപാത്രങ്ങള്‍ പോലെ താങ്കളുടെ ജീവിതവും വിചിത്രമാണോ? പലരും അത്തരത്തില്‍ വിചാരണ ചെയ്യാറുണ്ടല്ലോ, എന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് താരമിപ്പോള്‍.

‘എന്നെ ആളുകള്‍ വിചാരണ ചെയ്യുന്നതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ പറയാനുള്ളത് പറഞ്ഞോട്ടെ. എന്റെ കാര്യം ഞാനാണല്ലോ നോക്കേണ്ടത്. ഞാന്‍ കള്ളു കുടിച്ചിട്ടാണോ, കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിക്കുന്നതെന്നാണ് പലര്‍ക്കും അറിയേണ്ടത്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ആകുലതകളും അത് തന്നെയാണല്ലോ.

ഒരുത്തന് കഴിക്കാന്‍ വല്ലതും കിട്ടുന്നുണ്ടോ, അവന്‍ പട്ടിണികിടക്കുകയാണോ എന്നൊന്നും ആരും അന്വേഷിക്കില്ല. അവന്‍ കള്ളു കുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടെയും ശ്രദ്ധ. ഇത്തരക്കാരുടെ ആരോപണങ്ങളെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഒരു കലാകാരന്‍ അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെര്‍ഫോം ചെയ്യും. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതില്‍ എനിക്കു ഒരു വിഷമവുമില്ല. വിഷമിക്കാനാണെങ്കില്‍ അതിനുമാത്രമേ നേരമുണ്ടാകൂ,’ ഷൈന്‍ പറഞ്ഞു.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഷൈനിനെ തേടിവരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്
‘വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എന്നുപറയുന്നത് അതിലേക്ക് നമ്മള്‍ എത്തുന്ന രീതിക്കനുസരിച്ചാണ് രൂപപ്പെടുന്നത്. വ്യത്യസ്തനാവണം എന്ന നമ്മള്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. എഴുത്തുകാരന്‍ മുതല്‍ സംവിധായകന്‍ വരെ എല്ലാവരും അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങള്‍ നേരത്തേ ചെയ്തതില്‍നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്.

നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് എനിക്കു കൂടുതലും കിട്ടാറുള്ളത്. അപ്പോള്‍ ഒരു സിനിമയില്‍ചെയ്ത നെഗറ്റീവ് വേഷത്തിന്റെ അതേ മാനറിസങ്ങളില്‍ അടുത്തതും ചെയ്താല്‍ ശരിയാവില്ല. അഭിനയം എന്നുപറയുന്നത് ഒരു ട്രിക്കാണ്. കഥയില്‍ പറയുന്ന കാര്യം കാണികളെ കൃത്യമായി അനുഭവിപ്പിക്കാന്‍ കഴിയുന്ന ആ ട്രിക്ക് പഠിച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണ്,’ എന്നാണ് ഷൈന്‍ പ്രതികരിച്ചത്.

അതേസമയം, അച്ചു വിജയനാണ് വിചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീത സംവിധാനം.

Content Highlight: Actor Shine Tom Chacko Talks About allegations against him

We use cookies to give you the best possible experience. Learn more