| Friday, 29th September 2023, 11:33 am

ഭീഷ്മയിലെ ഡാന്‍സൊന്നും അങ്ങനെ വെറുതെ ചെയ്തതല്ല, കുച്ചിപ്പുടിയും ഭരതനാട്യവുമൊക്കെ പഠിച്ചിട്ട് തന്നെയാണ്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ഡാന്‍സ് ഫോമുകളെല്ലാം താന്‍ പഠിച്ചിട്ടുണ്ടെന്നും അതുകൊണ്ട് കൂടിയാണ് ഭീഷ്മയിലെ ഡാന്‍സ് രംഗങ്ങള്‍ തനിക്ക് അനായാസം ചെയ്യാന്‍ സാധിച്ചതെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. എഫ്.ടി.ക്യു വിത്ത് രേഖ മേനോൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കുച്ചിപുടി, ഭരതനാട്യം, മോഹിനിയാട്ടം എല്ലാം പഠിച്ചിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിൽ കളിക്കാൻ വേണ്ടിയിട്ടുള്ളത് മാത്രമേ പഠിച്ചിട്ടുള്ളു. അങ്ങനത്തെ സാധനം പഠിച്ചത് കൊണ്ടാണല്ലോ ഭീഷ്മയിൽ ഇങ്ങനെ ചെയ്യാൻ പറ്റുന്നത്. അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പറ്റില്ലാലോ,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

പ്ലസ് ടുവിന് പഠിക്കുമ്പോൾ തനിക്ക് നാടകത്തിന് ബെസ്റ്റ് ആക്ടർ കിട്ടിയിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. സംസ്ഥാന യുവജനോത്സവത്തിൽ താൻ മോണോആക്ടിന് പോയിട്ടുണ്ടെന്നും അതിന് പതിനാലാം സ്ഥാനമാണ് ലഭിച്ചതെന്നും താരം പറഞ്ഞു.

‘പ്ലസ് ടുവിന് ബെസ്റ്റ് ആക്ടർ കിട്ടി. പ്ലസ് വണ്ണിന് മരവീടൻ എന്നൊരു നാടകത്തിന് സമ്മാനം കിട്ടി. പ്ലസ് ടു കലോത്സവത്തിന് അന്ന് നേരിട്ട് പോകാലോ ജില്ലയിലേക്ക്. അങ്ങനെയേ ജില്ലയിൽ എത്തുകയുള്ളൂ. സംസ്ഥാനത്ത് പോയത് പ്ലസ് ടുവിന് പഠിക്കുമ്പോൾ മോണോആക്ടിനാണ്. അവിടെ പോയപ്പോൾ നവ്യ നായരൊക്കെയാണ് മത്സരിക്കുന്നത്. കള്ളക്കളിയാണെന്ന് ഞാൻ പറഞ്ഞു. ശരിക്കും എനിക്ക് കിട്ടേണ്ടതായിരുന്നു ഫസ്റ്റ്. എനിക്ക് കിട്ടിയതാകട്ടെ പതിനാലാം സ്ഥാനമായിരുന്നു. അപ്പോൾ എന്തായാലും കള്ളകളി നടന്നിട്ടുണ്ടാവില്ലല്ലോ (ചിരി). പതിനാല് ജില്ലയല്ലെ ഉള്ളു, അതുകൊണ്ട് എനിക്ക് പതിനാലാം സ്ഥാനം കിട്ടി. ഞാൻ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചാണ് പോയത്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ അമ്മ തന്നോട് കമൽ സാറിനെ പോയി കാണാൻ പറഞ്ഞെന്നും ഷൈൻ അഭിമുഖത്തിൽ പറഞ്ഞു. സംവിധായകൻ കമലിനൊപ്പം ചെയ്ത വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തെക്കുറിച്ചും ഷൈൻ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സ്വപ്നങ്ങൾ ഉണ്ടാകുന്നതെന്നും കൊച്ചിയിൽ തന്നെ താമസിക്കുകയാണെങ്കിൽ സ്വപ്നങ്ങൾ ഉണ്ടാകില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

Content Highlight: Actor Shine Tom Chacko says he has studied Kuchipudi, Bharatanatyam and Mohiniyattam

We use cookies to give you the best possible experience. Learn more