ടൊവിനോ തോമസിനെയും കല്യാണി പ്രിയദര്‍ശനേയും കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ചിത്രത്തില്‍ റെജി മാത്യു എന്ന കഥാപാത്രത്തെയായിരുന്നു ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ചത്.
സിനിമയുടെ അവസാന സമയത്താണ് തല്ലുമാലയുടെ ഭാഗമായതെന്നും അതുകൊണ്ട് കഥയൊന്നും മനസിലായിരുന്നില്ലെന്ന് ഷൈന്‍. സിനിമ ഇറങ്ങി തിയേറ്ററില്‍ പോയി കണ്ടപ്പോഴാണ് കഥയെല്ലാം മനസിലാക്കിയതെന്ന് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ പറഞ്ഞത്.
”തച്ചുകിട്ടിയ കഥാപാത്രമാണ് എനിക്ക് തല്ലുമാല. സിനിമ ശരിക്കും അനൗണ്‍സ് ചെയ്യുന്നത് 2020 ഏപ്രില്‍ ഷൂട്ട് തുടങ്ങാനായിരുന്നു. ആ സമയത്താണ് കൊറോണ വരുന്നത്. അപ്പോള്‍ ഞാന്‍ തല്ലുമാലയിലില്ലായിരുന്നു. ആ സമയത്താണ് ലൗ സിനിമ ചെയ്യുന്നത്.
തല്ലുമാല തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് ഞാന്‍ അതില്‍ ജോയിന്‍ ചെയ്യുന്നത്. അതുവരെ എന്റെതല്ലാത്ത സിനിമയായിരുന്നു തല്ലുമാല. അതില്‍ ഞാനൊരു ഗസ്റ്റ് പോലെയായിരുന്നു. സിനിമയുടെ ഡീപ്പായിട്ടുള്ള പ്രീപ്രൊഡക്ഷനിലൊന്നും ഞാനില്ലായിരുന്നു. ഏറ്റവും ഒടുവിലാണ് ജോയിനാകുന്നത്.
അതുകൊണ്ട് എനിക്ക് തല്ലുമാലയിലെ പലകഥകളും അറിയില്ല. സിനിമ കണ്ടിട്ടാണ് ഞാന്‍ എല്ലാം മനസിലാക്കിയത്. ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കൊന്നും മുമ്പ് ചെയ്ത കഥാപാത്രവുമായി ഒരു തരത്തിലും സാമ്യമുണ്ടാവാതിരിക്കാന്‍ ഞാന്‍ മനപൂര്‍വം ശ്രദ്ധിക്കാറുണ്ട്,” ഷൈന്‍ പറഞ്ഞു.
സിനിമയില്‍ ഒരുപാട് കാലം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്ന വ്യക്തിയാണ് ഷൈന്‍. ഭാവിയില്‍ സിനിമ ഡയറക്ട് ചെയ്യുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
”ഡയറക്ടറാകാന്‍ എനിക്ക് ഒരു പ്ലാനുമില്ല. അസിസ്റ്റന്റ് ഡയറക്ടറായത് സിനിമയെ മനസിലാക്കാന്‍ വേണ്ടി മാത്രമാണ്. അസിസറ്റന്റ് ഡയറക്ടറാകുമ്പോള്‍ മൊത്തം സിനിമയുടെ ഒരു പ്രൊസസാണ് പഠിക്കുക. അതായത് ഒരു മൂവി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് നമ്മള്‍ പഠിക്കുക.
അതില്‍ അഭിനയം, സംവിധാനം, എഡിറ്റിങ്, സ്‌ക്രിപ്റ്റ്, ആര്‍ട്ട്, കോസ്റ്റിയൂം തുടങ്ങി എല്ലാം ഉള്‍പ്പെടും. അസിസ്റ്റന്റ് ഡയറക്ടറാകുമ്പോള്‍ ഡയറക്ഷന്‍ മാത്രമല്ല മനസിലാക്കുന്നത്. ഒരു മൂവി എങ്ങനെയുണ്ടാക്കിയെടുക്കാമെന്നാണ് പഠിക്കുക,” ഷൈന്‍ പറഞ്ഞു.
സംവിധായകന്‍ കമലിന്റെ സിനിമകളില്‍ ഏകദേശം ഒന്‍പത് വര്‍ഷം അസിസ്റ്റന്റ് ഡയറക്ടറായി ഷൈന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയായ ഗദ്ദാമയിലൂടെയാണ് ഷൈന്‍ ആദ്യമായി സിനിമയിലഭിനയിക്കുന്നതും.
Content Highlight: Actor Shine Tom Chacko said that he learned the story of thallumala after watching the movie