| Monday, 8th May 2023, 5:55 pm

'നിങ്ങളെ ബോധ്യപ്പെടുത്താനാണോ ഞാന്‍ ജീവിക്കുന്നത്; സത്യാവസ്ഥയെന്തെന്ന് അഭിനയിക്കാന്‍ വിളിക്കുന്നവര്‍ അറിഞ്ഞാല്‍ മതി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റുള്ളവരെ ബോധിപ്പിക്കാനല്ല താന്‍ ജീവിക്കുന്നതെന്ന് തുറന്നടിച്ചു നടന്‍ ഷൈന്‍ ടോം ചാക്കോ. ലൈവ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ വി.കെ. പ്രകാശ്, എസ്. സുരേഷ് ബാബു എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

ഷൈന്‍ വളരെ അലമ്പനാണ്, ഓവറായിട്ട് സംസാരിക്കും, ഒട്ടും കമ്മിറ്റഡ് അല്ല എന്നീ ആരോപണങ്ങള്‍ എളുപ്പത്തില്‍ പറയാം. എന്നാല്‍ ചുറ്റുമുള്ളവര്‍ പറയുന്നത് ഷൈന്‍ വളരെ കമ്മിറ്റഡാണെന്നും ശമ്പളം ഒരു വിഷയവുമല്ല എന്നുമാണ്. ഇക്കാര്യം മുന്നോട്ട് വെക്കണം എന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായാണ് ‘നിങ്ങളെ ബോധ്യപ്പെടുത്താനാണോ ഞാന്‍ ജീവിക്കുന്നത്’, എന്ന് ഷൈന്‍ ചോദിച്ചത്.

സത്യാവസ്ഥയെന്തെന്ന് സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നവര്‍ മാത്രം അറിഞ്ഞാല്‍ മതിയെന്ന് സൗബിനും പറഞ്ഞു. ‘അവര്‍ക്കത് അറിയുകയും ചെയ്യാം. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്ര തിരക്കായിട്ട് സിനിമയില്‍ നില്‍ക്കാന്‍ കഴിയുന്നത്.

നമ്മുടെ ഷൂട്ട് കഴിഞ്ഞാലും നമുക്ക് വേണമെങ്കില്‍ അവിടെ ഇരിക്കാം. എത്രദിവസം ഒരു ചിത്രത്തിന് വേണ്ടി കൊടുത്തിട്ടുണ്ടോ അത്രയും ദിവസം ആ ചിത്രത്തിന് വേണ്ടി നില്‍ക്കണം’, സൗബിന്‍ പറഞ്ഞു.

‘അതുകൊണ്ടാണ് കൂടുതല്‍ പടം ചെയ്യാനും കൂടുതല്‍ അഭിമുഖം എടുക്കാനും കഴിയുന്നത്,’ ഷൈന്‍ ടോം കൂട്ടിച്ചേര്‍ത്തു.

നിലവിലെ മാധ്യമ സംസ്‌കാരത്തെക്കുറിച്ചും അതില്‍ പെട്ടുപോയ ഒരുപറ്റം ആളുകളെക്കുറിച്ചുമാണ് ലൈവ് ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ വി.കെ. പ്രകാശ് പറഞ്ഞു.

‘ഇപ്പോള്‍ നിലനില്‍ക്കുന്ന മാധ്യമ സംസ്‌കാരത്തിനകത്ത് പെട്ടുപോയ കുറച്ച് മനുഷ്യരുടെ ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. യഥാര്‍ഥ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെത്തന്നെ യഥാര്‍ഥ ജീവിതത്തില്‍നിന്നും പകര്‍ത്തിയതാണ്,’ വി. കെ. പ്രകാശ് പറഞ്ഞു.

മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിക്കുന്ന ചിത്രം മെയ് 12 ന് റിലീസ് ചെയ്യും.

Content Highlight: Actor Shine Tom Chacko openly said that he does not live to convince others

We use cookies to give you the best possible experience. Learn more