| Monday, 26th September 2022, 11:15 pm

വിവരവും ബോധവുമുള്ള ആളുകള്‍ ക്ഷമിക്കണം, ന്യായീകരണമല്ല, ഞാനൊക്കെയാണേല്‍ ഇടിക്കും; ശ്രീനാഥ് ഭാസിക്ക് പരോക്ഷ പിന്തുണയുമായി ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവതാരകയെ അപമാനിച്ച കേസില്‍ പ്രതിയായ ശ്രീനാഥ് ഭാസിക്ക് പരോക്ഷ പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. സ്ഥിതി മോശമാവുന്ന അവസ്ഥയിലാണ് ആളുകള്‍ ഇങ്ങനെയാവുന്നതെന്നും വിവരവും ബോധവുമുള്ള ആളുകള്‍ അത് ക്ഷമിക്കണമെന്നും ഷൈന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മോശമായ സംസാരരീതി ആ വ്യക്തി ഉണ്ടാക്കിയതല്ലല്ലോ. നേരത്തെ തന്നെ സമൂഹത്തില്‍ ഉള്ളതാണല്ലോ. ഉപയോഗിക്കുന്ന ഭാഷയാണ്. അല്ലാതെ അവന്‍ കണ്ടുപിടിച്ചതല്ലല്ലോ. പറയാം എന്നുള്ളതല്ല, എപ്പോഴും എല്ലാവരും ഒരേപോലെ തന്നെ പ്രതികരിക്കണമെന്നില്ല. കൊന്നുകളയുന്ന ആള്‍ക്കാരുണ്ട്, ചുട്ടുകളയുന്ന ആള്‍ക്കാരുണ്ട്, കത്തിച്ച് കളയുന്ന ആള്‍ക്കാരുണ്ട്. അപ്പോഴൊന്നും കാണിക്കാത്ത ദേഷ്യം ഇതിന് മാത്രം കാണിക്കുന്നത് എന്തിനാണ്.

ആ ഗയ് പാട്ട് പാടിയും തമാശ പറഞ്ഞും നമ്മളെ എത്ര രസിപ്പിച്ചിട്ടുണ്ട്. അവന്‍ അങ്ങനത്തെ ഒരു വ്യക്തിയല്ലല്ലോ. സ്ഥിതി മോശമാവുന്ന അവസ്ഥയിലാണല്ലോ അങ്ങനെ ആവുന്നത്, അതിനെ നമ്മള്‍ മാനിക്കണം. അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ആളുകള്‍ അത് പരിഗണിക്കണം.

ചില സമയത്ത് ചീത്ത വാക്കുകളെക്കാള്‍ നമ്മള്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയുന്നത് വളരെ വേദനിപ്പിക്കും. ചെയ്തത് നല്ലതാണെന്ന് പറയുന്നില്ല. ഇങ്ങനത്തെ ചെറിയ ചെറിയ കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കാതെ ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂ. അതുകൊണ്ട് നമ്മുടെ സമൂഹത്തിന് നല്ലതേ ഉണ്ടാവൂ. ഇങ്ങനത്തെ കാര്യങ്ങള്‍ വീണ്ടും വീണ്ടും ഡിസ്‌കസ് ചെയ്യാതിരിക്കുക. ഉള്ളിലെ ടെന്‍ഷന്‍ മൂത്ത് ഒരാളോട് ചൂടാവുന്നത് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അങ്ങനത്തെ ഒരു അവസ്ഥയിലായിരിക്കുമല്ലോ ഇങ്ങനെയുണ്ടാവുന്നത്.

വിവരവും ബോധവുമുള്ള ആളുകള്‍ ക്ഷമിക്കുവല്ലേ വേണ്ടത്. തല്ലുമാലയില്‍ എന്താ പറയുന്നത്, നീ ശക്തനാണെന്ന് എങ്ങനെയാ തെളിയിക്കേണ്ടത്, ശക്തരില്‍ ശക്തന്‍ ക്ഷമിക്കാന്‍ കഴിവുള്ളവനാണ്. ശക്തനാവണോ ശക്തിയില്ലാത്തവനാവണോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്.

ആ കേസില്‍ ന്യായീകരണമില്ല. പക്ഷേ ആരേയും കുറ്റപ്പെടുത്താന്‍ പറ്റില്ല. ഞാനൊക്കെയാണേല്‍ ഇടിക്കും. അതിനെ ന്യായീകരിക്കുവല്ല നമ്മള്‍ ചെയ്യുന്നത്. ഇനി ഉണ്ടാവാതിരിക്കാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്,’ ഷൈന്‍ പറഞ്ഞു.

Content Highlight: Actor Shine Tom Chacko has indirectly supported Srinath Bhasi

We use cookies to give you the best possible experience. Learn more