| Saturday, 10th December 2022, 8:07 pm

ഷൈനിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു, മുക്കാല്‍ മണിക്കൂര്‍ വിമാനം വൈകി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഉച്ചയ്ക്ക് 1.45 ന് കൊച്ചിയിലേക്കുള്ള എ.ഐ 934 വിമാനത്തില്‍ കയറിയപ്പോഴാണ് ഷൈന്‍ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചത്. അനുവദിച്ച സീറ്റില്‍ നിന്ന് മാറി ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബോ സീറ്റില്‍ കയറി കിടന്നെന്നും ഷൈനിനെതിരെ ആരോപണമുണ്ട്.

ഇതേതുടര്‍ന്ന് ഷൈനിനെ ഇറക്കിയശേഷം, മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. അബദ്ധം പറ്റിയതാണെന്ന ഷൈനിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുത്ത് എയര്‍ ഇന്ത്യ അധികൃതര്‍ നിയമനടപടികള്‍ ഒഴിവാക്കി.

എമിഗ്രേഷന്‍ വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പുതിയ വിസിറ്റ് വിസയെടുത്താണ് ബന്ധുക്കള്‍ക്കൊപ്പം മടങ്ങിയത്. ഇന്നലെ റിലീസായ ഭാരത സര്‍ക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയതായിരുന്നു ഷൈന്‍. ഒപ്പമെത്തിയവരില്‍ പകുതിപേര്‍ ഇന്നലെ രാത്രി തന്നെ മടങ്ങിയിരുന്നു.

പൈലറ്റും കോ പൈലറ്റും ചേര്‍ന്ന് വിമാനത്തിന്റെ യാത്രാ ഗതി നിയന്ത്രിക്കുന്ന അതീവ സുരക്ഷാ ഇടമാണ് കോക് പിറ്റ്. അപകട-അട്ടിമറി സാധ്യതകള്‍ ഉള്ളതിനാല്‍ പൈലറ്റിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കുന്നതില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കാണ് അനുമതിയില്ലാതെ ഷൈന്‍ കയറി ചെന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlight: Actor Shine Tom Chacko has been cleared and released with relatives

We use cookies to give you the best possible experience. Learn more