Movie Day
ഇത് ഒരു ഓര്‍മപ്പെടുത്തലല്ല, ഞങ്ങളുടെ പ്രതിഷേധമാണ്; വര്‍ഷാവര്‍ഷം കൊടുക്കുന്ന ഭൂമിയും കാശുമൊക്കെ എവിടെയാണ് പോകുന്നത്; പടയെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 11, 06:42 am
Friday, 11th March 2022, 12:12 pm

 

കെ.എം. കമല്‍ സംവിധാനം ചെയ്ത പട കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. കേരളത്തില്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് അയ്യങ്കാളിപ്പട നടത്തിയ ഒരു യഥാര്‍ത്ഥ സമരത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത് നടന്‍ ഷൈന്‍ ടോം ചാക്കോയാണ്. സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ.

കേരളത്തില്‍ നടന്ന ഇത്തരം സമരങ്ങളൊക്കെ വീണ്ടും ഓര്‍മപ്പെടുത്തേണ്ടി വരുന്നു എന്നത് തന്നെ വളരെ മോശം അവസ്ഥയാണെന്നും പട തങ്ങളുടെ ഒരു പ്രതിഷേധം കൂടിയാണെന്നായിരുന്നു ഷൈന്‍ പറഞ്ഞത്.

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂസമരങ്ങള്‍ക്ക് ഒരു ഓര്‍മപ്പെടുത്തലാണോ ഈ ചിത്രം എന്ന ചോദ്യത്തിന് ഇങ്ങനെയൊക്കെ ഓര്‍മപ്പെടുത്തേണ്ട കാര്യമുണ്ടോ എല്ലാവരും അറിഞ്ഞിരിക്കേണ്ടേ എന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മറുപടി.

ഓര്‍മപ്പെടുത്തേണ്ട അവസ്ഥ ഉണ്ടാകുന്നു എന്നത് തന്നെ ഭയങ്കര മോശമാണ്. ഇതൊക്കെ അതാത് സ്ഥാനങ്ങളില്‍ ഇരിക്കേണ്ടവര്‍ ചെയ്തു തരേണ്ട കാര്യങ്ങളാണ്. ഓര്‍മപ്പെടുത്താന്‍ വേണ്ടിയൊന്നുമല്ല. നമ്മുടെ ഒരു പ്രതിഷേധമായിട്ട് കാണിച്ചു എന്നേ ഉള്ളൂ, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ചിത്രം കണ്ടിട്ട് എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് സന്തോഷമുണ്ടെന്നായിരുന്നു ഷൈനിന്റെ മറുപടി. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വരണം. നിങ്ങള്‍ സിനിമയില്‍ കണ്ടില്ലേ പിറ്റേ ദിവസം തന്നെ ഒരാളെ അറസ്റ്റു ചെയ്യുന്നത്. പിന്നെ എന്ത് വിശ്വാസത്തിലാണ് ഇതൊക്കെ ഞാന്‍ പറയുക?

ഇങ്ങനെ ഒരു സമരം ഇവിടെ നടന്നിരുന്നു എന്ന് അന്ന് കുട്ടികളായിരിക്കെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കാരണം അത്ര വലിയ വാര്‍ത്തയായിരുന്നില്ലല്ലോ. പക്ഷേ ഇന്ന് നമ്മള്‍ അതിനെ പറ്റിയൊക്കെ ചിന്തിക്കുമ്പോള്‍ വര്‍ഷാ വര്‍ഷം കൊടുക്കുന്ന ഭൂമിയും അതിന്റെ കാശുമൊക്കെ എവിടെയാണ് പോകുന്നതെന്ന് ചിന്തിച്ചുപോവുകയാണ്. ഈയൊരു സംവിധാനത്തിനുള്ളില്‍ അതൊക്കെ നഷ്ടപ്പെടാന്‍ ഒരുപാട് അവസരങ്ങളുണ്ട്. ഇനിയും നമ്മള്‍ ഇതൊക്കെ ഓരോരുത്തരെ ഓര്‍മിപ്പിക്കണം എന്ന് പറയുമ്പോള്‍ വിഷമമുണ്ട്, ഷൈന്‍ ടോം പറഞ്ഞു.

ഈയൊരു സിനിമ കൊണ്ട് എന്തെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മറുപടി.

ഇങ്ങനെയൊരു പടം ചെയ്യാനും ഈ വിഷയം എടുക്കാനും അത് നടന്ന രീതിയില്‍ തന്നെ പറയാനും കാണിച്ച സംവിധായകന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നെന്നും ഇങ്ങനെ ഒരു പടം പ്രൊഡ്യൂസ് ചെയ്യാന്‍ മുന്നോട്ട് വന്ന ഇ ഫോറിന് നന്ദി പറയുകയാണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Content Highlight: Actor Shine Tom Chacko About Pada Movie