മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം പോലും തന്നില്‍ ഉണ്ടായതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. കുട്ടിക്കാലത്ത് സിനിമകള്‍ കാണുമ്പോള്‍ ലാലേട്ടനെ ആയിരുന്നു കൂടുതല്‍ ശ്രദ്ധിച്ചതെന്നും ലാലേട്ടനായിരുന്നു കളിയും ചിരിയും പാട്ടും കോമഡിയുമൊക്കെയുള്ള വേഷങ്ങള്‍ ചെയ്തിരുന്നതെന്നും അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ലാലേട്ടന്റെ ഫാനായിരുന്നെന്നും ഷൈന്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.
സിനിമയില്‍ എത്തിയിട്ടും ഞാന്‍ ഇതുവരെ ലാലേട്ടനെ പരിചയപ്പെട്ടിട്ടില്ല. അമ്മയുടെ മീറ്റിങ്ങിലൊക്കെ ദൂരെ വെച്ച് കണ്ടിട്ടുണ്ട്. പക്ഷേ പരിചയപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. അസിസ്റ്റന്റ് ഡയരക്ടറായപ്പോഴും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴും ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. കായംകുളം കൊച്ചുണ്ണിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ഒരുമിച്ച് സീനുണ്ടായിരുന്നില്ല, ഷൈന്‍ പറയുന്നു.
ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നതാണോ അപ്പോള്‍ വലിയ ആഗ്രഹം എന്ന ചോദ്യത്തിന്, അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നായിരുന്നു ഷൈനിന്റെ മറുപടി. ലാലേട്ടനെപ്പോലുള്ളവര്‍ ഉള്ള സ്ഥലത്ത് നമ്മള്‍ നില്‍ക്കുന്നു എന്നത് വലിയ ഭാഗ്യമാണ്. ലാലേട്ടനുമായി ട്വല്‍ത്ത് മാന്‍ സംഭവിക്കുമായിരുന്നു എന്നാല്‍ ഡേറ്റ് ക്ലാഷ് വന്നതുകൊണ്ട് സംഭവിച്ചില്ല, ഷൈന്‍ ടോം പറയുന്നു.
നടന്‍ മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് ഷൈന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ‘മമ്മൂക്കയെ പരിചയപ്പെട്ട് അദ്ദേഹം എങ്ങനെയാണെന്ന് മനസിലാവുന്നതോടെ നമ്മള്‍ മമ്മൂക്കയുടെ ഫാനാവും. പക്ഷേ എല്ലാം സാവധാനമേ സംഭവിക്കുകയുള്ളൂ. ചിലര്‍ പക്ഷേ അദ്ദേഹവുമായി പെട്ടെന്ന് അടുക്കും. എന്റെ കാര്യത്തിലൊക്കെ സമയമെടുക്കും.
മമ്മൂക്കയെ വെറുതെ പേടിക്കും. പിറകിലൊക്കെ അദ്ദേഹം വന്ന് നില്‍ക്കുമ്പോള്‍ ചുമ്മാ പേടിക്കും. സിനിമയിലൂടെ കണ്ട് കണ്ട് നമുക്ക് മമ്മൂക്കയോടും ലാലേട്ടനോടമൊക്കെ അടുപ്പമുണ്ടാകും. അവര്‍ക്ക് അങ്ങനെ അല്ലെങ്കില്‍ പോലും. അവര്‍ നമ്മളെ കാണുന്നില്ലല്ലോ. മമ്മൂക്കയും ലാലേട്ടനും നമുക്ക് എന്നും അടുപ്പമുള്ളവരാണ്.
പിന്നെ മമ്മൂക്കയ്ക്ക് സംസാരിക്കാന്‍ കൂടുതല്‍ കാര്യങ്ങളുണ്ട്. ദുല്‍ഖറിനോ എനിക്കോ അത്രയും എക്‌സ്പീരിയന്‍സ് ഇല്ല. പിന്നെ ദുല്‍ഖറൊക്കെ വളരെ സൈലന്റ് ആയിട്ടുള്ള കക്ഷിയാണ്. ആവശ്യത്തിന് സംസാരിക്കും. ഒരു സെറ്റില്‍ ഫുള്‍ ടൈം ഓണ്‍ ആയി ഇരിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമാണ്. മമ്മൂക്ക അത്രയും കോണ്‍ഫിഡന്റ് ആയതുകൊണ്ട് കൂടിയാണ് അത്, ഷൈന്‍ ടോം ചാക്കോ പറയുന്നു.
Content Highlight: Actor Shine Tom Chacko About Mohanlal and Mammootty