| Saturday, 18th February 2023, 10:34 am

ദുല്‍ഖറിന് അതിന്റെ ആവശ്യമൊന്നുമില്ല, ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുമ്പോഴും അവര്‍ കൂട്ടിച്ചേര്‍ക്കാനാണ് നോക്കുന്നത്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്നും ഒരുപോലെ പെരുമാറുന്ന വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാനെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. കമ്മട്ടിപ്പാടം സിനിമ ചെയ്യുമ്പോഴും കുറുപ്പില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴുമൊക്കെ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അടി എന്ന തന്റെ സിനിമ നിര്‍മിച്ചത് ദുല്‍ഖറാണെന്നും അദ്ദേഹത്തിന് അതിന്റെ അവശ്യമില്ലായിരുന്നു എന്നും എന്നിട്ടും ചെയ്തു എന്നും ഷൈന്‍ പറഞ്ഞു. താന്‍ കേസില്‍ പെട്ടതിനുശേഷവും ദുല്‍ഖറും മമ്മൂട്ടിയും നല്ലരീതിയില്‍ തന്നെ സഹകരിക്കാറുണ്ടെന്നും ഒഴിഞ്ഞ് മാറുമ്പോഴും തന്നെ ചേര്‍ത്തുപിടിക്കാറുണ്ടെന്നും ഷൈന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ദുല്‍ഖര്‍ എന്നും എന്നോട് ഒരുപോലെ മാത്രമാണ് പെരുമാറിയിട്ടുള്ളത്. കമ്മട്ടിപ്പാടത്തിന്റെ സമയത്താണെങ്കിലും കുറുപ്പിന്റെ സമയത്താണെങ്കിലും എല്ലാം പുള്ളി എന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്. പിന്നീട് അടി എന്ന എന്റെ സിനിമ വരെ ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്തു.

ശരിക്കും പറഞ്ഞാല്‍ അവര്‍ക്ക് അതിന്റെ ഒരു ആവശ്യവുമില്ല. എന്നാല്‍ വളരെയധികം അവര്‍ എന്നോട് സഹകരിച്ചിട്ടുണ്ട്. എന്റെ കേസൊക്കെ വന്നതിനുശേഷവും അങ്ങനെ തന്നെയാണ്. അവരൊന്നും ഇന്നേ വരെ അതിനെ കുറിച്ച് ചോദിക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടില്ല.

മമ്മൂക്കയാണെങ്കിലും അങ്ങനെ തന്നെയാണ്. അദ്ദേഹം എന്നെ അടുത്ത് നിര്‍ത്തി ഫോട്ടോ എടുക്കുകയും കെട്ടിപിടിക്കുകയും ഒക്കെ ചെയ്യും. ഞാനായിട്ട് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുമ്പോഴും അവര്‍ എന്നെ കൂട്ടിച്ചേര്‍ക്കാന്‍ മാത്രമാണ് നോക്കിയിട്ടുള്ളത്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ക്രിസ്റ്റഫറാണ് ഷൈന്‍ ടോം ചാക്കോയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, സിദ്ദീഖ്, ശരത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

content highlight: actor shine tom chacko about dulquer salman and mammootty

We use cookies to give you the best possible experience. Learn more