| Saturday, 19th February 2022, 10:15 am

കരയില്‍ നിന്ന് കാണുന്നതല്ല കടല്‍,നടുക്കടലിലെ ഓളം പോലും ഭയപ്പെടുത്തി; അടിത്തട്ട് ചിത്രീകരണത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് ചിത്രീകരണ സമയത്ത് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പൂര്‍ണമായി നടുക്കടലില്‍ ചിത്രീകരിച്ച അടിത്തട്ടില്‍ സണ്ണിവെയ്നാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.

അടിത്തട്ടിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ. പൂര്‍ണമായി നടുക്കടലില്‍ ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നെന്നാണ് ഷൈന്‍ പറയുന്നത്.

‘ ലോക്ഡൗണ്‍ സമയത്താണ് അടിത്തട്ടില്‍ അഭിനയിക്കുന്നത്. 20 ദിവസം കടലില്‍ ചിത്രീകരിക്കണം. പൂര്‍ണമായും നടുക്കടലില്‍ ചിത്രീകരിച്ച സിനിമ. വലിയൊരു അനുഭവം തന്നു അടിത്തട്ട്. നീണ്ടകരയിലായിരുന്നു ചിത്രീകരണം. ആദ്യത്തെ കുറച്ചു ദിവസം ബുദ്ധിമുട്ട് തോന്നി. കടലിന്റെ ഭീകരത മുന്നില്‍ കാണുമ്പോള്‍ ഭയം തോന്നും.

കരയില്‍ നിന്നു കാണുന്നതല്ല കടല്‍. നടുക്കടലില്‍ ഓളം പോലും ഭയപ്പെടുത്തും. ഉള്ള് കാറും. അതിലൂടെയാണ് ബോട്ടുകള്‍ ചരിഞ്ഞുപോകുന്നത്. രണ്ട് ദിവസം കഴിഞ്ഞു ഭയം മാറി പൊരുത്തപ്പെട്ടു. ചിത്രീകരണത്തിനായി കരയില്‍ നിന്ന് ബോട്ടില്‍ കടലിലേക്ക് പോകുകയായിരുന്നു. പിന്നെ കടലില്‍ത്തന്നെ. ബോട്ടില്‍ കടലില്‍ പോയി മീന്‍പിടിച്ച് ജീവിക്കുന്നവരുടെ രണ്ടു ദിവസത്തെ കഥയാണ് അടിത്തട്ട്.

സണ്ണിവെയ്ന്‍, പ്രശാന്ത്, ജയപാലന്‍, മുരുകന്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഏഴ് പേരായിരുന്നു. പൊന്നാനിയില്‍ താമസിച്ചപ്പോള്‍ പളളിപ്പെരുന്നാളിന് അമ്പുപ്രദക്ഷിണത്തിന് അഴിമുഖം കടന്നുപോകുമ്പോള്‍ കടല്‍ കണ്ടിട്ടുണ്ട്. എന്നാല്‍ 22 കിലോമീറ്റര്‍ കടലിനുള്ളിലേക്ക് പോകുന്നത് ആദ്യമാണ്. എന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണ് അടിത്തട്ട്. മികച്ച കഥാപാത്രമാകുമെന്നാണ് കരുതുന്നത്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിത്തട്ട്. മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും നിര്‍വഹിക്കുന്നു. സംഗീതം നെസ്സര്‍ അഹമ്മദ്.

Content Highlight: Actor Shine Tom Chacko About Adithattu Movie Shoot

We use cookies to give you the best possible experience. Learn more