സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട്. പൂര്‍ണമായും നടുക്കടലില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് അടിത്തട്ട്. മികച്ച സാങ്കേതിക വിദ്യയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
നടുക്കടലില്‍ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. അടിത്തട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.
കടല്‍ വേറൊരു ലോകമാണെന്നും കടലില്‍ മീനുമില്ല ഒരു കോപ്പുമില്ല മൊത്തം പ്ലാസ്റ്റിക്കും വേസ്റ്റുമാണെന്നായിരുന്നു ഷൈന്‍ പറഞ്ഞത്.
അമരത്തില്‍ മമ്മൂക്ക കൊമ്പന്‍ സ്രാവിനെ പിടിക്കുന്ന ഒരു സീനുണ്ട്. അടിത്തട്ടില്‍ അങ്ങനെ എന്തെങ്കിലും വെല്ലുവിളി നിറഞ്ഞ സീന്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് കൊമ്പന്‍ സ്രാവിനേക്കാള്‍ വലിയ മീനിനെയൊന്നും ഇനി പിടിക്കാന്‍ ഇല്ലല്ലോയെന്നായിരുന്നു ഷൈനിന്റെ മറുപടി.
നമ്മള്‍ ഈ മത്തി, ഐല തുടങ്ങി തിന്നുന്ന മീനിനെ പിടിക്കുന്ന ആള്‍ക്കാരാണ്. സ്രാവിനെ പിടിക്കുന്ന ആള്‍ക്കാരല്ല. പിന്നെ ഞങ്ങളുടെ ഈ ബോട്ട് വെച്ച് സ്രാവിനെ പിടിക്കാന്‍ പോകാനും പറ്റില്ല.
നമ്മള്‍ കരുതുന്നതുപോലെയൊന്നുമല്ല കടല്‍. വലിയ ചിലവാണ് കടലില്‍ പോയി മീന്‍ പിടിക്കാന്‍. ഇപ്പോഴാണെങ്കില്‍ മീനും ഇല്ല. അപ്പോള്‍ പിന്നെ സ്രാവിനെ പിടിക്കാന്‍ പോയിട്ടെന്താ കാര്യം. ചെറുകിട മീനുകളെ കിട്ടാന്‍ തന്നെ എത്ര പാടുപ്പെട്ടെന്നറിയുമോ. കടലില്‍ മീനുമില്ല ഒരു കോപ്പുമില്ല. കാര്യമായിട്ട് പറഞ്ഞതാണ്.
വലിയ പൈസയൊന്നും ഉണ്ടായിട്ടല്ല ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സിനിമ തിയേറ്ററില്‍ ഇറക്കുന്നത്. മറിച്ച് ഈ ചിത്രം തിയേറ്ററില്‍ തന്നെ കാണാനുള്ള ആഗ്രഹം കൊണ്ടാണ്. ആളുകള്‍ക്ക് അതിന്റെ ഭംഗി ആസ്വദിക്കാന്‍ കഴിയണം എന്നുള്ളതുകൊണ്ടുമാണ് ഷൈന്‍ പറഞ്ഞു.
ഇത്രയും വലിയ പടം ഷൂട്ട് ചെയ്തത് അത് തിയേറ്ററില്‍ കാണണമെന്ന ആഗ്രഹത്തിലാണ്. കടല്‍ കാണണമെങ്കില്‍ അത് മൊബൈലില്‍ കണ്ടാല്‍ പോര, ലാപ്‌ടോപ്പില്‍ കണ്ടാല്‍ പോര. ആ വിഷ്വല്‍ ട്രീറ്റും സൗണ്ടും തിയേറ്ററില്‍ ഇരുന്ന് ആസ്വദിക്കണം. പിന്നെ സിനിമയെ വലിയ രീതിയില്‍ പ്രമോട്ട് ചെയ്യാന്‍ കാശൊന്നും ഇല്ല. തിയേറ്ററില്‍ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് അവിടെ കാണാം. തിയേറ്ററിലേക്ക് ആള്‍ വരുമോ, അവര്‍ക്ക് ഇഷ്ടാകുമോ എന്നൊന്നും അറിയില്ല. ഒരാളാണ് വരുന്നതെങ്കില്‍ ആ ഒരാള്‍ക്ക് ആ അനുഭവം കിട്ടണം. കടല്‍ എന്താണ് കടലിലെ പണിയെടുക്കുന്നവന്‍ എന്താണെന്ന് മനസിലാവണം, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
Content Highlight: Actor Shine Tom Chacko about Adithattu Movie and Mammootty