|

സീരിയല്‍ താരം തുനിഷ ശര്‍മയുടെ മരണം; നടന്‍ ഷീസാന്‍ ഖാന്‍ അറസ്റ്റില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: സീരിയല്‍ സെറ്റില്‍ നടി തുനിഷ ശര്‍മ തൂങ്ങിമരിച്ച സംഭവത്തില്‍ നടന്‍ ഷീസാന്‍ ഖാന്‍ അറസ്റ്റില്‍. തുനിഷയുടെ അമ്മ ആത്മഹത്യപ്രേരണ ആരോപിച്ച് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഷീസാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അലിബാബ ദസ്താന്‍ ഇ കാബൂള്‍ എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ടായിരുന്നു. ഈ സീരിയലിന്റെ സെറ്റിന്റെ മേക്കപ്പ് റൂമില്‍ വെച്ചാണ് തുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീസാന്‍ ഖാനെതിരെ ഐ.പി.സി 306 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് വാലിവ് പൊലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ചയാണ് ഇരുപതുകാരിയായ തുനിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരണം സ്ഥിരീകരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഭാരത് കാ വീര്‍ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തെത്തുന്നത്. ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍-ഇ-പഞ്ചാബ്: മഹാരാജാ രഞ്ജിത് സിങ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന്‍ അല്ലാ തുടങ്ങിയവയാണ് അഭിനയിച്ച ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകള്‍.

പരമ്പരകള്‍ക്ക് പുറമേ ഏതാനും ചിത്രങ്ങളില്‍ ചെറുവേഷങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ കത്രീനാ കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂര്‍, കഹാനി 2, ദബാങ് 3 എന്നിവയാണ് മറ്റുചിത്രങ്ങള്‍.

Content Highlight: Actor Sheesan Khan arrested in tunisha sharma case

Video Stories