| Thursday, 2nd November 2023, 9:52 am

കോക്ക്, മോശമാണെന്നെങ്കിലും പറഞ്ഞാൽ മതിയെന്ന് ആ നിർമാതാവ്; മോശം റിവ്യൂസിനാണ് കാണികൾ : ഷറഫുദ്ദീൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനമാ റിവ്യൂകൾക്ക് രണ്ട് വശമുണ്ടെന്ന് നടൻ ഷറഫുദ്ദീൻ. നെഗറ്റീവ് റിവ്യൂസ് വലിയ സിനിമകളെയാണ് ബാധിക്കുന്നതെന്നും ചില സിനിമകളുടെ മാർക്കറ്റിങിന് റിവ്യൂസ് സഹായിക്കുന്നുണ്ടെന്നും നടൻ പറഞ്ഞു.

സിനിമാ നിരൂപണത്തെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു ഷറഫുദ്ദീൻ.
പുതിയ ചിത്രം തോൽവി എഫ്.സിയിലെ താരങ്ങൾക്കൊപ്പം ജാങ്കോ സ്പേസ് ടി.വിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമാ റിവ്യൂകളെ കുറിച്ചുള്ള തന്റെ അഭിപ്രായം താരം പറഞ്ഞത്.

‘സിനിമാ റിവ്യൂ രണ്ടു രീതിയിൽ കാണാം. കോടികൾ മുടക്കിവരുന്ന വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് ചിലപ്പോൾ ആദ്യദിവസം തന്നെ വരുന്ന നെഗറ്റീവ് റിവ്യൂസ് വലിയ രീതിയിൽ ബാധിക്കും. ഒരാഴ്ച കഴിഞ്ഞിട്ടാണ് അതുണ്ടാവുന്നതെങ്കിൽ വലിയ കുഴപ്പമില്ല. സിനിമയുടെ 10% പോലും കളക്ഷന്‍ കിട്ടാത്ത വിധത്തിൽ ഭയങ്കരമായി അത് ചിത്രത്തെ മോശമായി ബാധിക്കും. അതുകൊണ്ടുതന്നെ അത്രയും പൈസ ചെലവുള്ള കാര്യം തന്നെയാണത്.

മലയാള സിനിമയാണ് ഏറ്റവും ബഡ്ജറ്റ് കുറച്ച് സിനിമകൾ ചെയ്യുന്നത്. നമുക്കത് ഭയങ്കര ഡാമേജ് ഉള്ള കാര്യം തന്നെയാണ്. കാരണം നമ്മുടെ നിർമാതാക്കൾ എല്ലാവരും ഒരു ലിമിറ്റഡ് ബഡ്ജറ്റിൽ സിനിമ ചെയ്യുന്നവരാണ്. അത്രയും വലിയ നഷ്ടങ്ങൾ ഒരാൾക്ക് കിട്ടിക്കഴിഞ്ഞാൽ അത് ബാക്കിയുള്ളവരുടെയും നിലനിൽപ്പിനെ ബാധിക്കും.

സ്വാഭാവികമായും ഒരു നിർമാതാവിന് അയാളുടെ രണ്ടു സിനിമകൾക്ക് ഇത്തരത്തിൽ നഷ്ടം സംഭവിച്ചാൽ പിന്നീട് അയാൾ സിനിമകൾ ചെയ്യില്ല. അത് മൊത്തം സിനിമയ്ക്കും നമ്മുടെ ഇൻഡസ്ട്രിക്കും വലിയ നഷ്ടമാണ്. തീർച്ചയായും എല്ലാവരും അത് തിരിച്ചറിഞ്ഞ് നിയന്ത്രിക്കാൻ ശ്രമിക്കണം.

ഇനി ഇതിന്റെ മറ്റൊരു വശം എന്ന് പറയുന്നത്. ഈ റിവ്യൂസ് തന്നെ ചെറിയ സിനിമകൾക്ക് വലിയ ഗുണം ചെയ്യുന്നുണ്ട്. മോശം റിവ്യൂസിനാണ് ഇവിടെ പ്രേക്ഷകർ കൂടുതൽ.

ഈയിടെ ഒരു സാധാരണ പടം ഇറക്കിയ നിർമാതാവ് പറഞ്ഞത്. കോക്ക് മോശമാണെന്നെങ്കിലും പറഞ്ഞാൽ മതി എന്നായിരുന്നു. അതായിരുന്നു അവരുടെ അവസ്ഥ. അതൊരു മാർക്കറ്റിങ് ആയി കാണുന്നവരുമുണ്ട്. എല്ലാം ഡിപെൻഡ് ചെയുന്നുണ്ട്. വലിയ സിനിമകളെയാണ് അത് ഭയങ്കര കാര്യമായി ബാധിക്കുന്നത്.

മൊത്തത്തിൽ ഇതെല്ലാം എല്ലാവർക്കും വേണ്ടിയാണ് എന്ന രീതിയിൽ കൈകാര്യം ചെയ്യുന്നതാവും നന്നാവുക. നിരൂപണം നടത്തുന്നവരാണെങ്കിലും അവർ സിനിമാ ഫാൻസാണ്. മൊത്തത്തിൽ അടച്ചാക്ഷേപിച്ചും കരി വാരി തേച്ചും ഒന്നും റിവ്യൂ പറയരുത്. അത് മോശമാണ്,’ ഷറഫുദ്ദീൻ പറയുന്നു.

Content Highlight: Actor Sharafudheen Talk About Aswanth Kok

We use cookies to give you the best possible experience. Learn more