| Monday, 21st November 2022, 10:03 pm

ആ സിനിമക്ക് ശേഷം റേപ്പ് സീന്‍ ചെയ്യാന്‍ സ്ഥിരമായിട്ട് വിളിക്കുമായിരുന്നു, പിന്നെ ഞാന്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രക്ഷകര്‍ക്കിടയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് ഷറഫുദ്ദീന്‍. 1744 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ ചിത്രം. സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ താന്‍ ശ്രദ്ധിക്കാറുള്ള കാര്യങ്ങളെക്കുറിച്ച് പറയുകയാണ് നടന്‍.

വരത്തന്‍ സിനിമ ചെയ്തതിന് ശേഷം പിന്നീട് സ്ഥിരമായി റേപ്പ് സീനില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്നും ഒരു കഥാപാത്രത്തില്‍ മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”ടൈപ്പ് കാസ്റ്റായി പോവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വേറിട്ട കഥാപാത്രങ്ങള്‍ നോക്കി നടക്കാറൊന്നുമില്ല. ഒരു കഥാപാത്രത്തിലും പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കും. ഉദാഹരണത്തിന് വരത്തന്‍ സിനിമ കഴിഞ്ഞപ്പോള്‍ സ്ഥിരമായിട്ട് റേപ്പ് ചെയ്യുന്ന സീന്‍ ചെയ്യാന്‍ എന്നെ വിളിക്കുമായിരുന്നു.

പിന്നെ ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. നമ്മള്‍ അതില്‍ നിന്നെല്ലാം മാറിപ്പോകാന്‍ ശ്രദ്ധിക്കണം. അത്തരം കഥാപാത്രങ്ങളില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കിട്ടുന്നത് മൊത്തം നന്മ മരം പോലെയുള്ള കഥാപാത്രമാകും.

സിനിമയിലെ എന്റെ കഥാപാത്രത്തെ നോക്കി അല്ല സിനിമ കമ്മിറ്റ് ചെയ്യുക. മറിച്ച് കഥ മൊത്തത്തില്‍ എങ്ങനെ ഉണ്ടെന്നാണ് ഞാന്‍ നോക്കാറുള്ളത്. കഥ നല്ലതും ചെയ്യേണ്ട കഥാപാത്രം എന്നെ കൊണ്ട് പറ്റാത്തതുമാണെങ്കില്‍ അത്തരം സിനിമയില്‍ ഞാന്‍ അഭിനയിക്കാറില്ല.

എന്റെ മീംസ് ഒക്കെ വരുമ്പോള്‍ അതില്‍ അപ്പോഴും ഉണ്ടാവുക ഗിരിഗാജന്‍ കോഴിയും ഞാന്‍ ഇപ്പോള്‍ ഏത് സിനിമയിലാണോ അഭിനയിക്കുന്നത് അതിന്റെ പേരാണ്. അതായത് ഗിരിരാജന്‍ കോഴി മുതല്‍ വരത്തന്‍ വരെ, ഗിരിരാജന്‍ കോഴി മുതല്‍ റോഷാക്ക് വരെ എന്നൊക്കെയാണ് കാണുക.

വരത്തന്റെ സ്ഥാനത്ത് ഉള്ളത് മാറിക്കൊണ്ടിരിക്കും. എന്നാല്‍ ഗിരിരാജന്‍ കോഴി അവിടെ തന്നെ ഉണ്ടാകും. അത് കാണുമ്പോള്‍ നമുക്ക് മടുപ്പ് തോന്നുമെന്നെ ഉള്ളു. അത് അങ്ങ് വിടും കുഴപ്പമൊന്നുമില്ല,” ഷറഫുദ്ദീന്‍ പറഞ്ഞു.

തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് വൈറ്റ് ആള്‍ട്ടോ. രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ്, ആനന്ദ് മന്മഥന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, സജിന്‍ ചെറുകയില്‍, ആര്യ സലിം, ജോജി ജോണ്‍, നില്‍ജ കെ ബേബി, രഞ്ജി കാങ്കോല്‍, സ്മിനു സിജോ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്.

content highlight: actor sharafudheen about varathan movie and his charector

We use cookies to give you the best possible experience. Learn more