|

ഒരുപാട് സെലിബ്രേറ്റ് ചെയ്ത പടമാണ്, എന്നാല്‍ പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടാക്കി: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍ക്കറിയാം എന്ന ചിത്രത്തെ പറ്റി സംസാരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍. ചിത്രം വളരെയധികം സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ പ്രൊഡ്യൂസര്‍ക്ക് നഷ്ടമാണ് ഉണ്ടായതെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ഒരുപാട് നല്ല പെര്‍ഫോമന്‍സുകള്‍ ചിത്രത്തിലൂടെ കണ്ടെന്നും ബിജു മേനോന്റെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്രയും സെലിബ്രേറ്റ് ചെയ്തിട്ടുള്ള ആര്‍ക്കറിയാം പത്തോ ഇരുപതോ ലക്ഷം നഷ്ടം ഉണ്ടാക്കിയിട്ടുണ്ട് എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഒരുപാട് എഫേര്‍ട്ട് ഇട്ട പടമാണ്. ബിജു ചേട്ടന് അവാര്‍ഡ് കിട്ടിയ പടമാണ്. നല്ല പെര്‍ഫോമന്‍സുകള്‍ കണ്ട പടമാണ്. ടെക്‌നിക്കലി ബ്രില്യന്റായ പടമാണ്,’ ഷറഫുദ്ദീന്‍ പറഞ്ഞു.

സിനിമ സൗഹൃത്തെയും പറ്റി അഭിമുഖത്തില്‍ ഷറഫുദ്ദീന്‍ സംസാരിച്ചു. പ്രേമം സിനിമ കഴിഞ്ഞ് വന്ന ടാഗ് തിരുത്തുന്നത് വലിയൊരു പ്രശ്‌നമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രേമം കഴിഞ്ഞിട്ട് ഞങ്ങള്‍ ഫേസ് ചെയ്ത ഏറ്റവും വലിയ പ്രശ്‌നം, പ്രേമം ഗാങ് എന്ന ടാഗ് പൊട്ടണം എന്നതായിരുന്നു. അത് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹമായിരുന്നു. അതിനാണ് എല്ലാവരും ഇപ്പോള്‍ ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത്. സിജു ആണെങ്കിലും കിച്ചു ആണെങ്കിലും ശബരി ആണെങ്കിലും അവര്‍ ഇന്‍ഡിവിജ്വലി സിനിമ ചെയ്യാനും അവരുടെ റൂട്ടുകള്‍ കണ്ടെത്താനുമാണ് നോക്കുന്നത്. അവരുടേതായ സ്‌പേസ് കിട്ടാന്‍ നോക്കുകയാണ്.

എന്നാല്‍ ഞങ്ങളുടെ സര്‍ക്കിളില്‍ തന്നെ നില്‍ക്കുന്നു, സംസാരിക്കുന്നു. പറ്റുമെങ്കില്‍ ചില വൈകുന്നേരം കാണുന്നു. ആ സ്‌പേസില്‍ ഞങ്ങള്‍ ഇപ്പോഴും ഉണ്ട്,’ ഷറഫുദ്ദീന്‍ പറഞ്ഞു.

മാസ്റ്റര്‍പീസ് എന്ന വെബ് സീരിസാണ് ഒടുവില്‍ പുറത്ത് വന്ന ഷറഫുദ്ദീന്റെ പ്രോജക്ട്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച മലയാളത്തിലെ ഏറ്റവും പുതിയ വെബ് സീരീസുകൂടിയാണിത്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന്റെ എഴുത്തുകാരനും ‘തെക്കന്‍ തല്ലുകേസ്’ എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എന്‍. ആണ് മാസ്റ്റര്‍ പീസ് സംവിധാനം ചെയ്തിരിക്കുന്നത്.

നിത്യ മേനോന്‍, രണ്‍ജി പണിക്കര്‍,അശോകന്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. മാത്യു ജോര്‍ജ് ആണ് നിര്‍മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

Content Highlight: Actor Sharafuddin is talking about the film Aarkkariyam 

Latest Stories