| Monday, 14th November 2022, 1:17 pm

കാത്ത് കാത്ത് മമ്മൂക്കയെ കാണാന്‍ പോയിട്ട് ഇടി വാങ്ങി വരേണ്ടി വന്നു; റോഷാക്കിലെ എന്റെ കഥാപാത്രത്തെ അദ്ദേഹം അങ്ങനെയാണ് കണ്ടത്: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്റെ നേരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ഷറഫുദ്ദീന്‍. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധനേടിയ താരം പിന്നീട് തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു. നായകനായും വില്ലനായും അതിശയിപ്പിക്കുന്ന പ്രകടനമാണ് പ്രേക്ഷകര്‍ക്ക് വേണ്ടി ഓരോ സിനിമയിലും അദ്ദേഹം കാഴ്ചവെക്കുന്നത്.

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിലും വളരെ മികച്ച അഭിനയമായിരുന്നു താരത്തിന്റേത്. ഒ.ടി.ടിയില്‍ സിനിമ റിലീസായതിന് പിന്നാലെ ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് ഷറഫുദ്ദീന്‍.

റോഷാക്കിലാണ് ആദ്യമായി താന്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നതെന്നും മമ്മൂട്ടിയുടെ കാഴ്ചപ്പാടില്‍ താന്‍ ആണ് ചിത്രത്തിലെ നായകനെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ആദ്യമായി ഷൂട്ട് ചെയ്തത് ഫൈറ്റ് സീന്‍ ആയിരുന്നുവെന്നും കുറേ അടി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് ഷറഫുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്.

”റോഷാക്കിന്റെ പ്രസ് മീറ്റില്‍ ഞാന്‍ വന്നിട്ടില്ലായിരുന്നു. ഷൂട്ട് ഉള്ളത് കൊണ്ട് ഒരു തരത്തിലും എനിക്ക് വരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പത്രസമ്മേളനത്തില്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാനാണ് നായകന്‍ എന്ന് അദ്ദേഹം പറഞ്ഞു. ആ കാര്യം പറഞ്ഞത് ആരാണെന്നുള്ളത് ഭയങ്കര റിയാലിറ്റി ആണല്ലോ.

റോഷാക്കിലെ എന്റെ കഥാപാത്രത്തെ മമ്മൂക്ക അങ്ങനെയാണ് കണ്ടത്. അത് അറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഞാന്‍ ആദ്യമായിട്ടാണ് മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത്. ആദ്യമായിട്ട് ഞാന്‍ കണ്ട സിനിമ മമ്മൂക്കയുടേതാണ്. അദ്ദേഹത്തിന്റെ സിനിമ കണ്ട ഒാര്‍മ്മയാണ് എനിക്ക് ഉള്ളത്.

മമ്മൂക്കയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ പറ്റിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഫൈറ്റിലാണ് ആദ്യ സീക്വന്‍സ് തുടങ്ങിയത്. കാത്ത് കാത്ത് മമ്മൂക്കയെ കാണാന്‍ പോയിട്ട് ഇടി വാങ്ങി വരേണ്ടി വന്നുവെന്ന് ഞാന്‍ അദ്ദേഹത്തോടും പറഞ്ഞിട്ടുണ്ട്,” ഷറഫുദ്ദീന്‍ പറഞ്ഞു.

അതേസമയം റോഷാക്കിനെക്കുറിച്ച് നിരവധി ചര്‍ച്ചകളാണ് ഒ.ടി.ടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയിയില്‍ ഉയരുന്നത്. സിനിമയില്‍ ഒരിടത്ത് പോലും മുഖം കാണിക്കാനാവാത്ത കഥാപാത്രം ആസിഫ് എന്തിനാണ് ചെയ്തത് എന്നാണ് ഒരു കൂട്ടം പ്രേക്ഷകര്‍ ചോദിക്കുന്നത്. ഏതെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യേണ്ട റോള്‍ ഇത്രയും സ്റ്റാര്‍ വാല്യു ഉള്ള ആസിഫ് ചെയ്യണമായിരുന്നോ എന്നും അഭിപ്രായങ്ങളുയരുന്നു.

ബിന്ദു പണിക്കരുടെയും കോട്ടയം നസീറിന്റേതുമുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും ഇംപാക്ട് ഉണ്ടാകുന്നത് ആ കഥാപാത്രങ്ങളുടെ രൂപീകരണം കൊണ്ടാണ്. അതുകൊണ്ട് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വന്ന് നിന്നാലും കഥാപാത്രത്തിന് ഡെപ്ത് ഉണ്ടെങ്കില്‍ അത് പ്രേക്ഷകരിലേക്ക് എത്തുമെന്നും പറയുന്നവരുണ്ട്.

മാത്രവുമല്ല ആരും അറിയാത്ത ഒരാളായിരുന്നെങ്കില്‍ സല്യൂട്ടിലെ വില്ലനെയൊക്കെ പോലെ കൂടുതല്‍ മിസ്റ്റീരിയസ് ഇംപാക്ട് ആ കഥാപാത്രം ഉണ്ടാക്കിയേനെയെന്നും ചില പ്രേക്ഷകര്‍ പറയുന്നു.

content highlight: Actor sharaffudheen about rorschach movie and mammootty

We use cookies to give you the best possible experience. Learn more