|

എനിക്കന്ന് ചോയ്‌സില്ലായിരുന്നു; പക്ഷെ കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും അതില്‍ നിന്നും പുറത്തുവന്നു: ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായിരുന്നു ശങ്കര്‍. ഇരുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

തന്റെ റൊമാന്റിക് ഹീറോ പരിവേഷത്തെ കുറിച്ചും മലയാള സിനിമയിലെ ഇന്നത്തെ താരങ്ങള്‍ അത്തരം ടാഗുകള്‍ മറികടക്കുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍.

മലയാളത്തില്‍ റൊമാന്റിക് ഹീറോ എന്ന പേര് കേട്ടാല്‍ ആദ്യം ഓര്‍മ വരുന്ന പേര് ശങ്കര്‍ എന്ന് തന്നെയാണല്ലോ എന്ന അവതാരകന്റെ കമന്റിന് മറുപടി പറയുകയായിരുന്നു താരം. കുഞ്ചാക്കോ ബോബനെയും നിവിന്‍ പോളിയെയും പോലുള്ള താരങ്ങള്‍ ഈ റൊമാന്റിക് പരിവേഷം മാറ്റിയെടുത്തതിനെ കുറിച്ചും ശങ്കര്‍ സംസാരിക്കുന്നുണ്ട്.

”മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, സുഖമോ ദേവി, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു… അങ്ങനെ കുറേ സിനിമകള്‍ സൂപ്പര്‍ഹിറ്റായി. അതിലൂടെ ഒരു ബ്രാന്‍ഡിങ് വന്നു എനിക്ക്.

പക്ഷെ ഇന്നത്തെ ചെറുപ്പക്കാര്‍ വളരെ ശ്രദ്ധാലുക്കളാണ്. ആവര്‍ത്തിച്ച് ഇങ്ങനെയുള്ള സിനിമകള്‍ വന്നാല്‍ അവര്‍ എടുക്കില്ല. പക്ഷെ ഞാന്‍ അഭിനയിച്ചിരുന്ന അന്ന് വലിയ ചോയ്‌സില്ല.

കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന് സിനിമ ചെയ്തത്. പക്ഷെ ഇന്നാണെങ്കില്‍ കുറേക്കൂടി ശ്രദ്ധിക്കും. പല ജോണറുകളിലുള്ള സിനിമ ചെയ്യാന്‍ നോക്കും.

കുഞ്ചാക്കോ ബോബന്‍ റൊമാന്റിക് ഹീറോ പരിവേഷത്തില്‍ നിന്ന് പുറത്തുകടന്ന ആളാണ്. സിനിമയിലെ ഇടവേളക്ക് ശേഷം അയാള്‍ തിരികെയെത്തിയത് വ്യത്യസ്ത കഥാപാത്രങ്ങളുമായാണ്.

തട്ടത്തിന്‍ മറയത്ത് ഹിറ്റായതോടെ നിവിന്‍ പോളിക്കും അങ്ങനെയൊരു ഇമേജ് വന്നു. പക്ഷെ അതില്‍ നിന്നും അവര്‍ മൂവ് ചെയ്തു. അങ്ങനെയാണ് വേണ്ടത്,” ശങ്കര്‍ പറഞ്ഞു.

കുറച്ചുകാലം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ശങ്കര്‍ ഇപ്പോള്‍ ചെറിയ വേഷങ്ങളിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. പൃഥ്വിരാജ് നായകനായ ഭ്രമം എന്ന സിനിമയില്‍ ശങ്കര്‍ ഒരു സിനിമാ നടന്റെ കഥാപാത്രത്തില്‍ തന്നെ എത്തിയിരുന്നു.

Content Highlight: Actor Shankar talks about Nivin Pauly and Kunchacko Boban