| Wednesday, 9th June 2021, 11:53 am

ജീപ്പില്‍ വന്നിറങ്ങുന്നതാണു സീന്‍, എനിക്കാണെങ്കില്‍ ഡ്രൈവിങ് അറിയില്ല, മടങ്ങിപ്പോകാമെന്നു തീരുമാനിച്ചു ; മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അനുഭവം പങ്കുവെച്ച് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോഴുണ്ടായ രസകരമായ ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ ശങ്കര്‍. ചിത്രത്തില്‍ വാഹനത്തിനു വലിയ പ്രാധാന്യം ഉണ്ടെന്നും എന്നാല്‍ തനിക്ക് ഡ്രൈവിങ്ങ് അറിയില്ലെന്ന കാര്യം സംവിധായകന്‍ ഫാസിലിനടക്കം ആര്‍ക്കും അറിയില്ലായിരുന്നെന്നും ചിത്രത്തില്‍ അഭിനയിക്കാതെ മടങ്ങപ്പോയാലോ എന്ന് ഒരു ഘട്ടത്തില്‍ താന്‍ ആലോചിച്ചിരുന്നെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ പറയുന്നത്.

‘ഹോട്ടലില്‍ എന്റെ മുറിയിലാണ് ആലുംമൂടന്‍ ചേട്ടന്റെ താമസം. ചേട്ടന്‍ അദ്ദേഹത്തിന്റെ സിനിമ വിശേഷങ്ങള്‍ എല്ലാം ഞാനുമായി പങ്കുവച്ചു. വൈകുന്നേരം ഒരു വര്‍ക്ക് ഷോപ്പ് ഉണ്ടായിരുന്നു. പാച്ചിക്ക (ഫാസില്‍), ഛായാഗ്രാഹകന്‍ അശോക് കുമാര്‍ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്.

അവിടെ അല്പം മാറി നില്‍ക്കുന്ന ആളെ പരിചയപ്പെട്ടു. മോഹന്‍ലാല്‍. പാച്ചിക്ക മനോഹരമായി ഞങ്ങള്‍ക്കു കഥ പറഞ്ഞു തന്നു. കഥ കേട്ടു ഞെട്ടി. ഒരു രക്ഷയുമില്ല. കാര്‍ വരുന്നു. ജീപ്പ് വരുന്നു. ക്‌ളൈമാക്‌സില്‍ ജീപ്പ്, കഥയില്‍ ജീപ്പ് പ്രധാന കഥാപാത്രം.

വാഹനം ഓടിക്കാന്‍ അറിയില്ലെന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. ‘ഒരു തലൈ രാഗം’ കഴിഞ്ഞു ഡ്രൈവിംഗ് പഠിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. അപ്പോള്‍ മറ്റൊരു സിനിമ വന്നു. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും അറിയില്ല. വര്‍ക്ക് ഷോപ്പില്‍ പ്രേംകൃഷ്ണനും പ്രഭയുമായി ഞാനും പൂര്‍ണിമയും ചേര്‍ന്നുള്ള റൊമാന്റിക് സീന്‍ എല്ലാം ചിത്രീകരിക്കാനുണ്ട്.

അടുത്ത ദിവസം രാവിലെ ഷൂട്ടിംഗ് ആണ്. ഞാന്‍ ജീപ്പില്‍ വന്നിറങ്ങുന്നതാണു നാളെ ഫസ്റ്റ് ഷോട്ട്. വാഹനം ഓടിക്കാന്‍ അറിയില്ലെന്നു പറയാന്‍ കഴിയില്ല. മുറിയിലെത്തിയപ്പോള്‍ ആലുംമൂടന്‍ ചേട്ടനോടു കാര്യം പറഞ്ഞു. അതുകേട്ടു ആലുംമൂടന്‍ ചേട്ടന്‍ നടുങ്ങി. വേഗം പുറത്തേക്ക് ഇറങ്ങി.

മടങ്ങിപ്പോവാനുള്ള തീരുമാനത്തിലെത്തി ഞാന്‍. ആലുംമൂടന്‍ ചേട്ടന്‍ പാച്ചിക്കയോടു കാര്യം പറഞ്ഞു. പാച്ചിക്കയും ആകെ അസ്വസ്ഥനായി. നാളെ എടുക്കേണ്ട സീന്‍ മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ തീരുമാനിച്ചു. അല്പം കഴിഞ്ഞു സലാം എന്ന ആളു വന്നു വിളിച്ചു. പുറത്ത് ഒരു ജീപ്പ്. സ്റ്റാര്‍ട്ട് ചെയ്യാനും ഗിയര്‍ മാറുന്നതും പഠിപ്പിച്ചുതന്നു.

രാവിലെ ആറിനു സലാം വീണ്ടും വന്നു. കൊടൈക്കനാലില്‍ ആ സമയത്തു കൊടും തണുപ്പ്. മഞ്ഞു വീഴുന്ന ഒരു മൈതാനത്തു ജീപ്പ് ഓടിക്കാന്‍ കുറെ ദിവസം പരിശീലനം. സലാമിനെ സഹയാത്രികനായി ഇരുത്തി ഓടിച്ചു. അങ്ങനെ പ്രഭയുടെ പ്രേം എന്ന കഥാപാത്രമായി,’ ശങ്കര്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Shankar Share About Manjil Virinja Pookkal Movie

We use cookies to give you the best possible experience. Learn more