മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലേക്ക് നടന്മാരാണ് ശങ്കറും മോഹന്‍ലാലും. ആദ്യ കാലങ്ങളില്‍ നായകനടനായി നിറഞ്ഞു നിന്ന നടനാണ് ശങ്കര്‍. പിന്നീട് സിനിമയില്‍ നിന്ന് താരം നീണ്ട ഇടവേള എടുത്തിരുന്നു. പിന്നീട് സഹനടനായി സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ചു. നായകനായി അഭിനയിച്ച സിനിമകളില്‍ പലതിലും മോഹന്‍ലാലായിരുന്നു വില്ലന്‍. മോഹന്‍ലാലുമൊത്തുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശങ്കര്‍. എത്ര റിസ്‌കുള്ള സീനാണെങ്കിലും യാതൊരു മടിയും കൂടാതെ ചെയ്യാന്‍ ധൈര്യമുള്ള നടനാണ് മോഹന്‍ലാലെന്ന് ശങ്കര്‍ പറഞ്ഞു.
പലപ്പോഴും മോഹന്‍ലാലിന്റെ ധൈര്യം കണ്ട് താന്‍ അന്തം വിട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. ഹലോ മദ്രാസ് ഗേള്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഫൈറ്റില്‍ ആറ്‌നില കെട്ടിടത്തില്‍ നിന്ന് ചാടണമെന്ന് ക്യാമറാമാന്‍ പറഞ്ഞപ്പോള്‍ താന്‍ മടിച്ചു നിന്നെന്നും മോഹന്‍ലാല്‍ അധികം ആലോചിക്കാന്‍ നില്‍ക്കാതെ ചാടാന്‍ തയാറായെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ എഴുത്തോലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘എത്ര റിസ്‌കുള്ള സീനാണെങ്കിലും അധികം ആലോചിക്കാന്‍ നില്‍ക്കാതെ ചെയ്യുന്നയാളാണ് ലാല്‍. പലപ്പോഴും ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്ന് ആലോചിച്ച് അന്തം വിട്ട് നിന്നിട്ടുണ്ട്. ഹലോ മദ്രാസ് ഗേള്‍ എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. ഞാനായിരുന്നു അതിലെ നായകന്‍ മോഹന്‍ലാലാണ് ആ പടത്തിലെ നെഗറ്റീവ് റോള്‍ ചെയ്യുന്നത്.
അതിന്റെ ക്ലൈമാക്‌സ് ഫൈറ്റ് നടക്കുന്നത് ഒരു വലിയ ബില്‍ഡിങ്ങിലാണ്. ഞാനും ലാലും ഫൈറ്റ് ചെയ്ത് ബില്‍ഡിങ്ങിന്റെ ഏറ്റവും മുകളിലെത്തണം. അതാണ് സീന്‍. ഞാനും ലാലും അതുപോലെ ഫൈറ്റ് ചെയ്ത് മുകളിലെത്തി. ആ സമയത്ത് അതിന്റെ ഡയറക്ടറും ക്യാമറാമാനുമായിരുന്ന വില്യംസ് ഞങ്ങളോട് മുകളില്‍ തന്നെ നില്‍ക്കാന്‍ പറഞ്ഞിട്ട് പുള്ളി മുകളിലേക്ക് കയറി വന്നു. എന്നിട്ട് ഞങ്ങളോട് അവിടന്ന് താഴേക്ക് ചാടാന്‍ പറഞ്ഞു.
എനിക്ക് പറ്റില്ല എന്ന് ഞാന് തീര്‍ത്തു പറഞ്ഞു. ലാലിനോട് ചോദിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ ചാടാമെന്ന് പറഞ്ഞു. താഴെ നെറ്റും മറ്റ് സേഫ്റ്റി സാധനങ്ങളെല്ലാം ഉണ്ടായിരുന്നു. ലാല്‍ ചാടുന്നുണ്ടെന്ന ധൈര്യത്തില്‍ ഞാനും ചാടി. രണ്ട് വട്ടം സമ്മര്‍ സോള്‍ട്ടടിച്ചാണ് മോഹന്‍ലാല്‍ താഴേക്കെത്തിയത്. സിനിമയോട് അയാള്‍ക്കുള്ള ഡെഡിക്കേഷന്‍ ഞാന്‍ അന്ന് കണ്ടു. ഇപ്പോഴും ആ രംഗം എന്റെ മുന്നിലുണ്ട്,’ ശങ്കര്‍ പറഞ്ഞു.
Content Highlight: Actor Shankar about the risky stunt done by Mohanlal