മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലേക്ക് വന്ന നടന്മാരാണ് ശങ്കറും മോഹന്‍ലാലും. ആദ്യ കാലങ്ങളില്‍ നായകനടനായി നിറഞ്ഞു നിന്ന നടനാണ് ശങ്കര്‍. പിന്നീട് സിനിമയില്‍ നിന്ന് താരം നീണ്ട ഇടവേള എടുത്തിരുന്നു. പിന്നീട് സഹനടനായി സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ചു. പണ്ടുകാലത്തെ സിനിമാ ഗാനങ്ങളില്‍ യേശുദാസിന് കൂടുതല്‍ അവസരം കിട്ടിയതിനെപ്പറ്റി സംസാരിക്കുകയാണ് ശങ്കര്‍.
1980കളിലും 90കളിലും യേശുദാസ് പല പുതിയ ഗായകരുടെയും അവസരം മുടക്കിയിരുന്നെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ശങ്കര്‍ പറഞ്ഞു. എന്നാല്‍ അന്നത്തെ കാലത്തെല്ലാം സിനിമാപട്ടുകളുടെ കാസറ്റ് വലിയ തുകക്ക് വിറ്റുപോകണമെങ്കില്‍ യേശുദാസോ ജയചന്ദ്രനോ പാടണമെന്നും അക്കാരണം കൊണ്ടാണ് ചെറിയ ഗായകര്‍ക്ക് അവസരം ലഭിക്കാത്തതെന്നും ശങ്കര്‍ പറഞ്ഞു.
പുതിയ ഗായകര്‍ക്ക് അവസരം കൊടുക്കുകയാണെങ്കില്‍ ചെറിയ തുകക്ക് മാത്രമേ കാസറ്റ് വിറ്റുപോകുള്ളൂവെന്നും സിനിമയെന്നത് ആത്യന്തികമായി സാമ്പത്തികലാഭം മാത്രം നോക്കുന്ന ബിസിനസ്സായതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ എഴുത്തോലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘പലരും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാര്യമുണ്ട്. പണ്ടുകാലത്ത് യേശുദാസ് സാര്‍ കാരണം പല ഗായകര്‍ക്കും പാടാന്‍ അവസരം കിട്ടിയില്ല എന്ന്. അന്നത്തെ കാലത്ത് ഏറ്റവും വലിയ ഗായകനായിരുന്നു ദാസേട്ടന്‍. പുള്ളി കഴിഞ്ഞാല്‍ ജയചന്ദ്രന്‍ ചേട്ടനായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരും പാടിയ പാട്ടാണെങ്കില്‍ അതിന്റെ കാസറ്റുകള്‍ വലിയ വിലക്ക് വിറ്റുപോകും.
അതേസമയം ചെറിയ പാട്ടുകാരോ മറ്റോ ആണ് പാടിയതെങ്കില്‍ ചെറിയ പൈസയേ കിട്ടുള്ളൂ. സിനിമ എന്നത് ആത്യന്തികമായി സാമ്പത്തികലാഭം നോക്കുന്ന ബിസിനസ്സായതുകൊണ്ട് പല പ്രൊഡ്യൂസേഴ്‌സും യേശുദാസിനെക്കൊണ്ടേ പാടിക്കാന്‍ നോക്കുള്ളൂ. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. കഴിവുള്ള ആര്‍ക്കും മുന്നോട്ട് വരാം. സപ്പോര്‍ട്ട് ചെയ്യാന്‍ പല സൗകര്യങ്ങളുമുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ കൂടുതലായി പുതിയ ആളുകള്‍ക്ക് ചാന്‍സ് കിട്ടുന്നത്,’ ശങ്കര്‍ പറഞ്ഞു.
Content Highlight: Actor Shankar about K J Yesudas