| Wednesday, 30th November 2022, 6:53 pm

വേണു നാഗവള്ളി വിളിച്ച് തന്ന റോളായിരുന്നു, പക്ഷെ ആ മോഹന്‍ലാല്‍ സിനിമ എന്റെ കരിയറില്‍ മാറ്റമുണ്ടാക്കിയില്ല: ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായിരുന്നു ശങ്കര്‍ (Shankar). ഏകദേശം ഇരുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

തന്റെ റൊമാന്റിക് ഹീറോ പരിവേഷത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍.

ഒരുപോലുള്ള വേഷങ്ങള്‍ ആവര്‍ത്തിച്ച് വന്നപ്പോള്‍ സിനിമയില്‍ നിന്ന് ബ്രേക്കെടുക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും പിന്നീട് വില്ലന്‍ വേഷങ്ങള്‍ ചെയ്തതിനെ കുറിച്ചുമൊക്കെയാണ് താരം സംസാരിക്കുന്നത്.

”1988ലാണ്, ഒരു ബ്രേക്ക് എടുക്കാം എന്നുതോന്നി. ഒരേപോലുള്ള സിനിമകള്‍ മലയാളത്തില്‍ ചെയ്തുകഴിഞ്ഞു. റൊമാന്‍സും കുറേ പാട്ടും… സുഖമോ ദേവിക്ക് ശേഷം ട്രാക്ക് മാറണം എന്ന് തോന്നി.

അതിനിടയ്ക്ക് വേണു നാഗവള്ളിയോട്, വ്യത്യസ്തമായ വേഷങ്ങള്‍ വരുമ്പോള്‍ പറയൂ ഞാന്‍ ചെയ്യാം, എന്ന് പറഞ്ഞിരുന്നു.

അക്കാലത്ത് തന്നെ തമിഴില്‍ നല്ലൊരു പ്രോജക്ട് വന്നു. കാതല്‍ എന്നും നദിയിനിലേ എന്ന ചിത്രം. അതിന്റെ ഷൂട്ടിങ് തീരാന്‍ കുറച്ച് താമസം വന്നു. എന്റെ ശ്രദ്ധ ആ സിനിമയില്‍ മാത്രമായിരുന്നു. മറ്റ് മലയാളം പ്രോജക്ടുകളൊന്നും എടുത്തില്ല.

ആ സിനിമ ഹിറ്റായതോടെ തമിഴില്‍ ഏഴെട്ട് സിനിമകള്‍ക്ക് കരാറില്‍ ഒപ്പുവെച്ചു.

അങ്ങനെ ഒരുദിവസം വേണു നാഗവള്ളി വിളിച്ചു. ‘ഒരു നെഗറ്റീവ് റോളുണ്ട്, വരണം,’ എന്ന് പറഞ്ഞു. അങ്ങനെയാണ് കിഴക്കുണരും പക്ഷി ചെയ്യുന്നത്. പ്രിയദര്‍ശന്റെ അഭിമന്യു എന്ന സിനിമയും അങ്ങനെ വന്നതാണ്.

പക്ഷെ എന്റെ കരിയറില്‍ അത് വലിയ മാറ്റമുണ്ടാക്കിയില്ല. പിന്നെ അത്തരം കഥാപാത്രങ്ങള്‍ മാത്രം വരാന്‍ തുടങ്ങി. അങ്ങനെ സംവിധാനത്തിലേക്ക് തിരിയാം എന്ന് തീരുമാനിച്ചു.

സുരേഷ് ഗോപിയെ വെച്ച് ഒരു സ്‌ക്രിപ്റ്റ് ചെയ്തു. ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷം സിനിമ തുടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ഞങ്ങള്‍ ചെയ്തുവെച്ച സ്‌ക്രിപ്റ്റിലെ കുറേ ഭാഗം മറ്റൊരു സിനിമയില്‍ അതേപോലെ വന്നത്. സമാനമായ സീനുകള്‍ ഉള്‍പ്പെടെ.

കഥ മാറ്റി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ശരിയായില്ല. അത് ഉപേക്ഷിച്ചു. പിന്നെയും അഭിനയിച്ച് തുടങ്ങി. ആക്ഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ ചെയ്‌തെങ്കിലും ഒരു ബ്രേക്ക് തരുന്നവയായിരുന്നില്ല. വീണ്ടും സംവിധാനത്തിലേക്ക് തിരിഞ്ഞു.

വൈറസ് എന്ന പേരിലൊരു ചിത്രം സംവിധാനം ചെയ്തു. അതൊരു ആര്‍ടിസ്റ്റിക് മൂവി ആയിരുന്നു. ഇതിനിടയിലും സിനിമകള്‍ വരുന്നുണ്ടായിരുന്നു,” ശങ്കര്‍ പറഞ്ഞു.

കുറച്ചുകാലം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ശങ്കര്‍ ഇപ്പോള്‍ ചെറിയ വേഷങ്ങളിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.

Content Highlight: Actor Shankar about his movie career, romantic image and come back

We use cookies to give you the best possible experience. Learn more