'രാജ്യത്തിന് മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും'; അംബേദ്‌കറിന്റെ വാക്കുകൾ പങ്കുവെച്ച് ഷെയ്ൻ നിഗം
രാമ ക്ഷേത്ര നിർമാണ ദിവസം അംബേദ്‌കറിന്റെ വാക്കുകൾ പങ്കുവെച്ച് നടൻ ഷെയ്ൻ നിഗം. കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കുശേഷം നടന്ന ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് ഡോക്ടർ ബി.ആർ. അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ പത്ര കട്ടിങ്ങാണ് ഷെയ്ൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.
നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപത്തിൽ വരാം എന്ന തലകെട്ടിൽ ‘ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉത്കണ്ഠകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചിരിക്കുന്നു. അത് രാഷ്ട്രീയ വിശ്വാസങ്ങളിൽ ഏറ്റുമുട്ട് ഏറ്റുമുട്ടാൻ പോകുന്നു.
അവരുടെ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ? അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ? എന്നാൽ, ഒരു കാര്യം ഞാൻ വ്യക്തതയോടെ പറയാം. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇത് നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്രത്തെ നാം കാത്തുസൂക്ഷിക്കണം’ എന്ന വാചകമാണ് ഷെയ്ൻ പങ്കുവെച്ചത്.
ഷെയ്‌നിന് പുറമെ സംവിധായകൻമാരായ കമൽ, ആഷിഖ് അബു, ജിയോ ബേബി, അഭിനേതാക്കൾ പാർവതി തിരുവോത്ത്, റിമ കല്ലിങ്ങൽ തുടങ്ങിയ മലയാള സിനിമ മേഖലയിലെ പ്രമുഖരാണ് ഇന്ത്യൻ ഭരണഘടനാ ആമുഖം പങ്കുവെച്ചിരിക്കുന്നത്. ഇതിന് പുറമെ ഗായകൻ വിധു പ്രതാപും തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: Actor Shane Nigam shared the words of Ambedkar