രശ്മിക മന്ദാനക്കൊപ്പം ഒരു സിനിമ ചെയ്യാനായി വന്ന അവസരം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് പറയുകയാണ് ഷെയ്ന്‍ നിഗം.
രശ്മികയുടെ നായകനായി തമിഴില്‍ നിന്ന് ഒരു ഓഫര്‍ വന്നിരുന്നെന്നും എന്നാല്‍ കഥ ഇഷ്ടപ്പെട്ടില്ലെന്നും ഷെയ്ന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ന്‍.
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ലിറ്റില്‍ഹാര്‍ട്‌സ് സിനിമയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു ഷെയ്ന്‍.
വളരെ വ്യത്യസ്തമായിട്ടായിരുന്നു ലിറ്റില്‍ ഹാര്‍ട്‌സിന്റെ അനൗണ്‍സ്‌മെന്റ് ടീം നടത്തിയത്. ലിറ്റില്‍ഹാര്‍ട്‌സിന്റെ കഥ പറയാന്‍ നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗത്തെ സമീപിക്കുന്നതും ഷെയ്ന്‍ ജാട കാണിക്കുന്നതും നായികയായി രശ്മികയെ കൊണ്ടുവരാന്‍ പറ്റുമോ എന്ന് ചോദിക്കുന്നതുമൊക്കെയായിരുന്നു വീഡിയോയില്‍. രശ്മികയുടെ കൂടെ യഥാര്‍ത്ഥത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു രശ്മികക്കൊപ്പം വന്ന അവസരത്തെ കുറച്ച് താരം സംസാരിച്ചത്.
‘ എനിക്ക് ഒരു ഓഫര്‍ വന്നിരുന്നു. ബോയ്ഫ്രണ്ട് എന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് അടുത്തിടെ വന്നില്ലേ. അതില്‍ രശ്മികയുടെ നായകനായി അഭിനയിക്കാനുള്ള അവസരം വന്നിരുന്നു. എന്നാല്‍ എനിക്ക് കഥ വര്‍ക്കായില്ല. നമ്മള്‍ കഥ കേട്ടിട്ടാണല്ലോ ഒരു സിനിമ ചെയ്യുന്നത്. അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു,’ ഷെയ്ന്‍ നിഗം പറഞ്ഞു.