രണ്‍ബീര്‍ കപൂറിനേയും തന്നേയും വെച്ച് ആളുകള്‍ താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. താരതമ്യങ്ങള്‍ പൊതുവേ ഇഷ്ടമില്ലാത്ത ആളാണ് താനെന്നും എന്നാല്‍ രണ്‍ബീറായതുകൊണ്ട് കുഴപ്പമില്ലെന്നും ഷെയ്ന്‍ പറഞ്ഞു.
ഓരോ രംഗവും വളരെ ആത്മാര്‍ത്ഥതയോടെയാണ് രണ്‍ബീര്‍ ചെയ്യുന്നതെന്നും അങ്ങനെയാവാന്‍ തനിക്കും ആഗ്രഹമുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് മുമ്പ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രണ്‍ബീര്‍ കപൂറുമായുള്ള താരതമ്യങ്ങള്‍ ഇഷ്ടമാണോയെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ഭയങ്കര ഇഷ്ടമാണ്. രണ്‍ബീര്‍ കപൂറുമായിട്ടായതുകൊണ്ട് ഓക്കെയാണ്. താരതമ്യങ്ങള്‍ പൊതുവേ താല്‍പര്യമില്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും രണ്‍ബീറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹം ഒരു സീന്‍ ചെയ്യുന്നത് അത്രയും ആത്മാര്‍ത്ഥതയോടെയാണെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാല്‍ മനസിലാവും. അതേപോലെയാണ് എന്റെ അപ്രോച്ച് എന്ന് എനിക്കറിയില്ല. അങ്ങനെയാവണം എന്ന് ആഗ്രഹമുണ്ട്. എന്തുകൊണ്ടാണ് ആളുകള്‍ താരതമ്യം ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടില്ല,’ ഷെയ്ന്‍ പറഞ്ഞു.
വേലയാണ് ഒടുവില്‍ റിലീസ് ചെയ്ത ഷെയ്‌ന്റെ ചിത്രം. സണ്ണി വെയ്നാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്.
സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്തത്.
Content Highlight: Actor Shane Nigam reacts to people comparing him with Ranbir Kapoor