കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ച് ഷെയ്‌നിന്റെ ഉമ്മ സുനില. ഷെയ്‌നിനെ കുറ്റം പറയുന്നവര്‍ ഷെയ്‌നിന്റെ കുടുംബത്തോട് നിജസ്ഥിതി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്ന് സുനില ചോദിക്കുന്നു.
ഷെയ്ന്‍ വെയില്‍ സിനിമയുടെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്ന് പറഞ്ഞ് സംവിധായകന്‍ ശരത് തന്നെ വിളിച്ചിരുന്നെന്നും അപ്പോള്‍തന്നെ ഷെയ്‌നിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നെന്നും സുനില പറഞ്ഞു.
‘ഒരു ദിവസം രാവിലെ ഒമ്പതിന് എന്നെ വിളിച്ചു പറയുകയാണ് ഷെയ്ന്‍ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയി എന്ന്. ഞാന്‍ അപ്പോള്‍ തന്നെ മകനെ വിളിച്ചു. രാത്രി രണ്ടര വരെ ഷൂട്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാണ് ഫോണ്‍ എടുത്തതെന്നും ഇനി അടുത്ത സമയം ഉച്ചക്ക് പന്ത്രണ്ട് മണി ആണെന്നും അവന്‍ പറഞ്ഞു. ഞാന്‍ ഇത് ശരത്തിനോടു പറഞ്ഞ് അല്‍പം വാക്കുതര്‍ക്കമുണ്ടായി.’ സുനില പറഞ്ഞു.
ഷെയ്ന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലൊന്നും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വെയിലിന്റെ അണിയറക്കാര്‍ എന്തിനാണ് ഓരോ പ്രശ്നം ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സുനില കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘അന്നൊരു പ്രശ്നമുണ്ടായി, അത് പിന്നീട് ഫെഫ്ക ഇടപെട്ടു ചര്‍ച്ച നടത്തി പരിഹരിച്ചു. 15 ദിവസമാണ് ഷൂട്ടിങ് പറഞ്ഞത്. അത് പിന്നീടു മാറ്റി 24 ദിവസം വേണം എന്നു പറഞ്ഞപ്പോള്‍ അതു പറ്റില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. അത് വാസ്തവമാണ്. അവര്‍ തന്നെ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ട് അവര്‍ അതെല്ലാം ഷെയ്‌നിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്.’ സുനില പറയുന്നു.
ഷെയ്ന്‍ കഞ്ചാവ് വലിക്കുന്ന ആളാണെങ്കില്‍ അത് ആദ്യം അറിയുക താനാണെന്നും ആ ആരോപണം തെറ്റാണെന്നും സുനില പറഞ്ഞു. ഷെയ്ന്‍ സ്വന്തം കരിയര്‍ നശിപ്പിക്കില്ലെന്നും സുനില പറഞ്ഞു.
‘അവന്‍ കഞ്ചാവു വലിക്കുന്നുവെങ്കില്‍ അത് ആദ്യം തിരിച്ചറിയേണ്ടതും അതില്‍ വിഷമിക്കേണ്ടതും തിരുത്തേണ്ടതും ഞാന്‍ തന്നെയല്ലേ. അമ്മ എന്ന നിലയില്‍ എനിക്കല്ലേ ബാധ്യത. പക്ഷേ ആ ആരോപണം തീര്‍ത്തും തെറ്റാണ്. അതുകൊണ്ട് അത്തരം ആരോപണം എന്നെ ബാധിക്കുന്നില്ല.’
എന്ത് ചെയ്തിട്ടാണ് ഷെയ്‌നെ സിനിമയില്‍ നിന്നും വിലക്കുന്നതെന്ന് അറിയില്ലെന്നും അതിനു മുമ്പ് വീട്ടുകാരില്‍ നിന്നും അഭിപ്രായം തേടാന്‍ അവര്‍ ശ്രമിക്കുമെന്ന് കരുതുന്നുവെന്നും സുനില പറഞ്ഞു.
വെയില്‍ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ തന്റെ താടിയും മുടിയും ഷെയ്ന്‍ വെട്ടിയിരുന്നു. അമ്മ അസോസിയേഷനും നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്നും രൂപമാറ്റം വരുത്തില്ലെന്നും ഷെയ്ന്‍ ഉറപ്പു നല്‍കിയിരുന്നു. ആ വിലക്ക് ലംഘിച്ചാണ് ഷെയ്ന്‍ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയത്.
ഷെയ്ന്‍ സിനിമയുടെ ചിത്രീകരണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന വാദവുമായി വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് നേരത്തെ രംഗത്തു വന്നിരുന്നു. ചിത്രീകരണത്തിനിടയില്‍ നിന്നും ഷെയ്ന്‍ ഇറങ്ങിപ്പോയതിനെതിരെ നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം സിനിമാക്കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ച നടന്‍ ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയ്‌നുമായി കരാറിലായ മുഴുവന്‍ സിനിമകളില്‍ നിന്നും പിന്മാറാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഇത് ഔദ്യോഗികമായി വ്യാഴാഴ്ച പ്രഖ്യാപിക്കും.