| Sunday, 23rd January 2022, 7:07 pm

അന്നത്തെ വിവാദങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിച്ചോ ? 'ഭൂതകാല'ത്തിന് പിന്നാലെ മറുപടിയുമായി ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയൊരു ഇടവേളക്ക് ശേഷം ഭൂതകാലം എന്ന ചിത്രത്തിലൂടെ അതിഗംഭീരമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം മികച്ച അഭിപ്രായമാണ് നേടുന്നത്. ഷെയ്ന്‍ നിഗത്തോടൊപ്പം രേവതിയും പ്രധാന കഥാപാത്രമായെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് സോണി ലീവില്‍ പ്രദര്‍ശനത്തിനെത്തിയത്.

ഭൂതകാലം സിനിമയിലെ പ്രകടനത്തിന് ഷെയ്ന്‍ നിഗത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. അതേസമയം തന്നെ നേരത്തെ വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ അന്നുണ്ടായ പ്രശ്‌നങ്ങളോടുള്ള തന്റെ ഇപ്പോഴത്തെ നിലപാടിനെ കുറിച്ച് ഷെയ്ന്‍ സംസാരിച്ചു.

അന്നത്തെ വിവാദങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിച്ചുവോ എന്നായിരുന്നു ഷെയ്‌നോടുള്ള ചോദ്യം. ‘ഷെയ്ന്‍ ഇപ്പോള്‍ കുഴപ്പമില്ലാത്ത ഒരു സ്‌പേസിലെത്തി’ എന്ന് പറയാനാകുമോയെന്നും ചോദ്യത്തിലുണ്ടായിരുന്നു. തീര്‍ച്ചയായും താന്‍ മുന്‍പത്തേതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് തന്നെ പറയാമെന്നായിരുന്നു ഇതിനോട് ഷെയ്‌നിന്റെ മറുപടി.

‘ഒരൊറ്റ കാര്യവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ വലിയ വിവാദമായി തീരുകയായിരുന്നു. തുടര്‍ന്ന് കുറെ കാര്യങ്ങള്‍ സംഭവിച്ചു. അതേ കുറിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ ഈ അഭിമുഖത്തിന്റെ സമയം മുഴുവനുണ്ടായാലും മതിയാകില്ല.

അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നെന്ന് മാത്രം ഇപ്പോള്‍ പറയാം. പക്ഷെ അതേ കുറിച്ച് എനിക്ക് വലിയ നിരാശയോ നഷ്ടബോധമോ ഇല്ല. കാരണം ഈ സിനിമാ മേഖല എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും വളരെ അടുത്ത് നിന്ന് എനിക്ക് മനസിലാക്കാനായി. അങ്ങനെ നോക്കുമ്പോള്‍ ആ അനുഭവത്തെ കുറിച്ച് എനിക്ക് സന്തോഷമേയുള്ളു,’ ഷെയ്ന്‍ പറഞ്ഞു.

ഭൂതകാലം സിനിമയുടെ ഷൂട്ടിങ്ങ് അനുഭവങ്ങളെ കുറിച്ചും ഷൂട്ടിങ്ങ് ചെയ്ത രീതികളെ കുറിച്ചും തന്റെ കഥാപാത്രമായ വിനുവിനെ കുറിച്ചും ഷെയ്ന്‍ അഭിമുഖത്തില്‍ സംസാരിച്ചു.

ഭൂതകാലം നിര്‍ബന്ധമായും കണ്ടിരിക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം. ഷെയ്ന്‍ നിഗത്തിന്റെ അഭിനയം തന്നെയാണ് എല്ലാവരും എടുത്തുപറയുന്നത്. രേവതിയുടെ പ്രകടനവും ഒന്നിനൊന്ന് മികച്ചതായിട്ടുണ്ടെന്നും അഭിപ്രായങ്ങളില്‍ പറയുന്നു. രാഹുല്‍ സദാശിവന്റെ സംവിധാനത്തിനും അഭിനന്ദന പ്രതികരണങ്ങള്‍ വരുന്നുണ്ട്.

ഷെയ്ന്‍ നിഗത്തിന്റെ അമ്മ സുനില ഹബീബ്, സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ കൂടിയായാ തെരേസ റാണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ഷെയ്ന്‍ നിഗമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Shane Nigam about earlier controversies and Bhoothakalam movie

We use cookies to give you the best possible experience. Learn more