കൊച്ചി: 40 മണിക്കൂറിലേറെ നേരം മലയിടുക്കില്‍ കുടുങ്ങിക്കിടന്നിട്ടും നിശ്ചയദാര്‍ഢ്യം കൈവിടാതെ പൊരുതിനിന്ന ബാബുവിനെ അഭിനന്ദിച്ച് നടന്‍ ഷെയ്ന്‍ നിഗം.
40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റ്, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റേതാണ് ഈ ദിവസം എന്നായിരുന്നു ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ എഴുതിയത്.
”ഒടുവില്‍ സന്തോഷ വാര്‍ത്ത, ബാബുവിനെ ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ സുരക്ഷിതമാക്കി. 40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം,” ഷെയ്ന്‍ നിഗം പറഞ്ഞു.
രാവിലെ 12 മണിയോടെയാണ് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം സാഹസികമായി രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് സുലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്ത് കഞ്ചിക്കോട് ഹെലിപാഡില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബാബുവിനെ റോഡ് മാര്‍ഗം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദ്ഗധഡോക്ടര്‍മാര്‍ ബാബുവിനെ പരിശോധിക്കുകയാണ് ഇപ്പോള്‍. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്.
ബാബുവിനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനാണ് സുലൂരില്‍ നിന്ന് സൈനിക ഹെലികോപ്ടര്‍ എത്തിച്ചത്. ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ബാബുവിനെ വീട്ടുകാര്‍ക്കൊപ്പം അയക്കും.
ചെങ്കുത്തായ മലയില്‍ റോപ്പിലൂടെ ഇറങ്ങിയ സൈനികന്‍ ബാബുവിനു വെള്ളം നല്‍കിയശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവിനെ ചേര്‍ത്തു പിടിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂര്‍മ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.
കയ്യിലുണ്ടായിരുന്ന മൊബൈലില്‍ നിന്നും താന്‍ കടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ബാബുവിന്റെ അടുത്തെത്താന്‍ ശ്രമിച്ചെങ്കിലും കാറ്റ് പ്രതികൂലമായതിനാല്‍ ഹെലികോപ്റ്ററിന് മടങ്ങിപ്പോകേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തിച്ചേര്‍ന്നത്.