മലയാള സിനിമയിലെ യുവനായകരില്‍ ഏറെ പ്രതീക്ഷയുള്ള താരമാണ് ഷെയ്ന്‍ നിഗം. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്റേതായ കരിയര്‍ കെട്ടിപ്പടുക്കാന്‍ ഷെയ്‌നിന് സാധിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റുവാങ്ങി മുന്നോട്ടുപോകുകയാണ് താരം.
നവാഗതനായ ശരത് സംവിധാനം ചെയ്ത ‘വെയില്‍’ ആണ് ഷെയ്‌നിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എപ്പോഴത്തേയും പോലെ തന്നെ മികച്ച പ്രകടനമാണ് ഷെയ്ന്‍ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. പല സിനിമകളിലും കഥാപാത്രമായി ജീവിക്കാറുള്ള ഷെയ്ന്‍ വെയിലിലും ആ പതിവ് തെറ്റിച്ചിട്ടില്ല. ഷെയ്‌ന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാവും വെയില്‍ എന്നാണ് ആരാധകരും പറയുന്നത്.
ചില നിലപാടുകളുടെ പേരില്‍ താരം നേരത്തെ വിവാദങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അത്തരം നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ താന്‍ ഒരിക്കലും എവിടെ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് ഷെയ്ന്‍.
നമുക്ക് നിലപാടുകള്‍ പറയാമെന്നും എന്നാല്‍ പറയുന്ന കാര്യം സത്യസന്ധമായിരിക്കണമെന്നും താരം പറയുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.
നമ്മള്‍ പറയുന്ന കാര്യം സത്യസന്ധമായിരിക്കണം. കാര്യങ്ങള്‍ സത്യസന്ധമായി തന്നെ പറയുകയും വേണം. പക്ഷേ അവിടെ ദേഷ്യം പോലുള്ള വികാരങ്ങള്‍ ഉണ്ടാവരുത്. അത് എന്റെ ഒരു തിരിച്ചറിവാണ്, ഷെയ്ന്‍ പറയുന്നു.
ചില കാര്യങ്ങള്‍ നമ്മള്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തിലല്ല ആളുകള്‍ എടുക്കുന്നത് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.
‘നമ്മള്‍ക്ക് എല്ലാവര്‍ക്കും അവരവരുടേതായ ഒരു ലോകമുണ്ട്. നമ്മള്‍ അനുഭവിച്ചതും നമ്മള്‍ കണ്ടതും അറിഞ്ഞതുമായി കാര്യങ്ങളായിരിക്കും ഓരോരുത്തരുടേയും ലോകവും കാഴ്ചപ്പാടും. അതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം അപ്പുറത്തുള്ള ആള്‍ക്ക് മനസിലാവുന്നില്ല എങ്കില്‍ അതൊരിക്കലും അവരുടെ കുറ്റമല്ല. അതിനെ അങ്ങനെ കാണുന്നില്ല, മറിച്ച് അവര്‍ അവരുടെ ജീവിതത്തില്‍ അത് അനുഭവിക്കാത്തതിന്റെയോ അതിനെ കുറിച്ച് അറിയാത്തതുകൊണ്ടോ ആയിരിക്കും. അവരുടെ എക്‌സ്പീരിയന്‍സില്‍ അവര്‍ അതിനെ മറ്റൊരു രീതിയിലായിരിക്കും നോക്കിക്കാണുന്നത്’, ഷെയ്ന്‍ പറയുന്നു.
Content highlight: Actor Shane Nigam About His life and Character