| Monday, 2nd May 2022, 7:36 pm

എന്റെ വിഷയം അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള നടപടിയുമായി കൂട്ടിക്കലര്‍ത്തുന്നത് എന്തിനു വേണ്ടി? 'അമ്മ'യ്‌ക്കെതിരെ ഷമ്മി തിലകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തതിന് നടന്‍ വിജയ് ബാബുവിനെതിരെയുള്ള നടപടി സംബന്ധിച്ച് ‘അമ്മ’ പുറത്തിറക്കിയ പത്രകുറിപ്പിനെതിരെ നടന്‍ ഷമ്മി തിലകന്‍.

അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകാന്‍ താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായി പത്രക്കുറിപ്പില്‍ പറയുന്നുണ്ടെന്നും എന്നാല്‍ അത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നുമാണ് ഷമ്മി തിലകന്‍ പറയുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം പറയുന്നത്.

‘വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണത്. ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല..! മാത്രമല്ല, അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുക്കുന്ന എന്റെ വിഷയം, ‘മീ ടൂ’ ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐ.സി.സിയുടെ നടപടിയുമായി കൂട്ടിക്കലര്‍ത്തി ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ്?,’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനും തന്റെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള ഗൂഢതാത്പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറയുന്നു.

”പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ ടി പ്രസ്താവന ടിയാന്‍ നടത്തിയത് മനപ്പൂര്‍വമായി സമൂഹത്തിന്റെ മുമ്പില്‍ എന്റെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാത്പര്യം മുന്‍നിര്‍ത്തി മാത്രമാണ്.

ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്. ആയതിനാല്‍ ടി പത്രക്കുറിപ്പില്‍ എന്നെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്തുന്നതിനും ജനറല്‍ സെക്രട്ടറി തയ്യാറാകണമെന്ന് ഇതിനാല്‍ അറിയിക്കുന്നു,’ ഷമ്മി തിലകന്‍ പോസ്റ്റില്‍ പറയുന്നു.

അതേസമയം, വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നല്‍കിയ ശിപാര്‍ശ അംഗീകരിക്കാത്ത ‘അമ്മ’യുടെ നിലപാടില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്നും രാജി വെച്ചിരുന്നു.

നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്സണായ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.

എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം.

നടപടി എടുത്താല്‍ വിജയ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിക്കുന്നവര്‍ വാദിച്ചത്. ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നല്‍കിയ മറുപടി പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്.

Content Highlight: Actor Shammy Thilakan against A.M.M.A

Latest Stories

We use cookies to give you the best possible experience. Learn more