ജോജി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തില്‍ ഫെലിക്സ് എന്ന ഡോക്ടറുടെ കഥാപാത്രത്തെ അവതരിപ്പിച്ച നടന് ഷമ്മി തിലകന്.
തന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു ജോജിയുടെ ഷൂട്ടിങ് എന്നും ഓരോ ടേക്കും കഴിഞ്ഞ് താന്‍ ആദ്യം നോക്കുക തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ മുഖത്തേക്കാണെന്നും ഷമ്മി തിലകന് പറയുന്നു. അദ്ദേഹം ഓക്കെ എന്ന രീതിയില്‍ ചിരിച്ച് തലയാട്ടിയാല്‍ താന്‍ ഹാപ്പിയാണെന്നും ഷമ്മി തിലകന് സ്ക്രിപ്റ്റ്മെന്റ് ഡയറീസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
അവര്‍ ഒക്കെ പറഞ്ഞാല്‍ പിന്നെ ഞാന്‍ മോണിറ്റര്‍ നോക്കാറില്ല. എല്ലാവരും മോണിറ്റര്‍ നോക്കുന്നത് കണ്ടിട്ടുണ്ട്. ഡയരക്ടറും സ്ക്രിപ്റ്റ് റൈറ്ററും ഹാപ്പിയാണെങ്കില്‍ അത് ഒക്കെയായിരിക്കും. അവര്‍ സാറ്റിസ്ഫൈഡ് ആകണമെന്നതാണ് എന്റെ ജഡ്ജ്മെന്റ്, ഷമ്മി തിലകന് പറഞ്ഞു.
ദിലീഷിനെ സംബന്ധിച്ചിടത്തോളം ദിലീഷ് അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും അദ്ദേഹത്തിന്റേതായ ഒരു മാനം കല്‍പ്പിച്ചുവെച്ചിട്ടുണ്ട്. അതിലേക്ക് ആര്‍ടിസ്റ്റുകളെ ബ്ലെന്‍ഡ് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കാറ്. അതെനിക്ക് നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു.
കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്ക് ആര്‍ടിസ്റ്റുകളെ എത്തിക്കുന്ന രീതിയാണ് ഇത്. മുന്‍പ് ചില സംവിധായകരില്‍ നിന്നും ഇത് എക്സ്പീരിയന്‍സ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് ദിലീഷ്.
ദിലീഷിന്റേയും ശ്യാമിന്റേയും കൂടെ വര്‍ക്ക് ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും അതിനേക്കാളുപരി താന്‍ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ച ആക്ടറാണ് ഫഹദെന്നും അതിന്റെ ഒരു സുഖം കൂടി ഉണ്ടായിരുന്നെന്നും ഷമ്മി തിലകന് പറയുന്നു. ഫഹദിന്റെ വലിയൊരു ഫാനാണ് ഞാന്‍.
അവനെപ്പോലൊരു ആക്ടര്‍ വേറെയില്ല. ട്രാന്‍സിലെ അഭിനയമൊക്കെ സമ്മതിക്കണം. ഗ്രേറ്റ് ആക്ടറാണ് അദ്ദേഹം.
ചിത്രത്തില്‍ ഫെലിക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നില്ലെന്നും മറ്റേതോ നടനായി മാറ്റി വെച്ച കഥാപാത്രം പിന്നീട് തന്നിലേക്ക് എത്തുകയായിരുന്നെന്നും അഭിമുഖത്തില്‍ ഷമ്മി തിലകന് പറയുന്നുണ്ട്.
മാക്ബത്തില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള കഥയാണെന്നും തന്റെ കഥാപാത്രം എന്താണെന്നും ദിലീഷ് വിളിച്ചുപറഞ്ഞു. ഉടനെ തന്നെ അഭിനയിക്കാന്‍ എത്താമെന്ന് താന്‍ സമ്മതിക്കുകയായിരുന്നെന്നും ഷമ്മി തിലകന് പറഞ്ഞു.