ഈ രണ്ട് പടങ്ങളിലേക്ക് മാത്രമാണ് ജോഷി സാര്‍ എന്നെ ഇങ്ങോട്ട് വിളിച്ചത്; സ്‌ക്രിപ്റ്റ് വായിച്ച് ഷൂട്ട് ചെയ്‌തെടുക്കുന്നത് വരെ പുള്ളിക്ക് ഒരു സൈക്കോ ലൈനാണ്: ഷമ്മി തിലകന്‍
സംവിധായകന്‍ ജോഷിയുടെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരമാണ് ഷമ്മി തിലകന്‍. ധ്രുവം മുതല്‍ പ്രജയും ഏറ്റവുമൊടുവിലിറങ്ങിയ ജോഷി- സുരേഷ് ഗോപി ചിത്രം പാപ്പനിലും വരെ ഷമ്മി തിലകന്‍ മികച്ച റോളുകളിലെത്തിയിട്ടുണ്ട്.
പ്രജയില്‍ അഭിനയിക്കാന്‍ വേണ്ടി ജോഷി തന്നെ വിളിച്ചതിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി തിലകന്‍.
ജോഷി സാറിന്റെ പത്തിലധികം പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആകെ രണ്ട് സിനിമകളിലേക്ക് മാത്രമേ അദ്ദേഹം തന്നെ നേരിട്ട് ഇങ്ങോട്ട് വിളിച്ചിട്ടുള്ളൂ എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.
”പ്രജയില്‍ അഭിനയിക്കാന്‍ ജോഷി സാര്‍ എന്നെ ഇങ്ങോട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. രണ്ടേ രണ്ട് പടത്തില്‍ മാത്രമേ എന്നെ അദ്ദേഹം എന്റെ ഫോണിലേക്ക് വിളിച്ചിട്ടുള്ളൂ. പക്ഷെ അദ്ദേഹത്തിന്റെ പത്തിലധികം പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
ആദ്യം ധ്രുവത്തിലായിരുന്നു അഭിനയിച്ചത്. അതിന് മുമ്പ് കൗരവറില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്, പക്ഷെ അഭിനയിച്ചിട്ടില്ല. ധ്രുവം മുതലിങ്ങോട്ട്, ഈ പറഞ്ഞ രണ്ട് പടം ഒഴികെയുള്ള ബാക്കി എല്ലാത്തിലും പുള്ളിയുടെ അസിസ്റ്റന്‍സിനെ കൊണ്ടോ അല്ലെങ്കില്‍ മാനേജരെ കൊണ്ടോ ആരെയെങ്കിലും കൊണ്ട് എന്നെ വിളിപ്പിക്കുകയാണ് ചെയ്യുക.
അവനോട് എന്നെ ഒന്ന് വിളിക്കാന്‍ പറ, എന്നാണ് അവരോട് പറയുക. അങ്ങനെ ഉടനെ ഞാന്‍ പുള്ളിയെ അങ്ങോട്ട് വിളിക്കും. അന്ന് മൊബൈലൊന്നുമില്ല, ലാന്‍ഡ് ഫോണില്‍ വിളിക്കും.
ചേച്ചിയായിരിക്കും ഫോണ്‍ എടുക്കുക, എന്നിട്ട് സാറിന് കൊടുക്കും. ‘എടാ അതേ, ഒരു വേഷമുണ്ട് നീ ഇങ്ങ് പോര്’ എന്ന് എന്നോട് പറയും. ‘എന്ന് പെട്ടിയെടുക്കണം ചേട്ടാ, എത്ര ദിവസമുണ്ട്’ എന്ന് ഞാന്‍ ചോദിക്കും. അത്രയേ ഞാന്‍ ചോദിക്കൂ. ‘ആ നീ ഒരാഴ്ച പിടിച്ചോ’ എന്ന് പറയും.
പിറ്റേന്ന് തന്നെ വണ്ടി കേറും, അവിടെ ചെല്ലും. അങ്ങനെയാണ് ഈ സിനിമകളൊക്കെ നടക്കുന്നത്. ലേലത്തിലേക്കൊക്കെ തലേ ദിവസമാണ് എന്നെ വിളിക്കുന്നത്.
ഒരു മുന്‍വിധിയോടെയുമായിരിക്കില്ല ജോഷിയേട്ടന്റെ ഒരു പടങ്ങളും ഞാന്‍ ചെയ്തിട്ടുള്ളത്, ഈ പാപ്പനൊഴിച്ച്.
ജോഷി സാര്‍ എന്നെ ഇങ്ങോട്ട് ഫോണില്‍ വിളിച്ച് ഞാന്‍ ചെയ്ത രണ്ട് പടങ്ങള്‍ പ്രജയും പാപ്പനുമാണ്. പ്രജയില്‍ എന്നെ ഇങ്ങോട്ട് വിളിച്ച്, നീ അഭിനയിക്കണം, എന്ന് പറയുകയായിരുന്നു. അത് കഴിഞ്ഞാല്‍ പിന്നെ പാപ്പനാണ്. ജോഷിയേട്ടന്‍ ഇങ്ങനെ പറയുമ്പോഴേക്ക് എനിക്ക് ഭയങ്കര ത്രില്ലാണ്.
സിനിമ തുടങ്ങി കഴിഞ്ഞാല്‍ പുള്ളിയുടെ മനസില്‍, ഈ വേഷം ഇങ്ങനെ വേണം എന്ന ഒരാവശ്യമുണ്ടാകും. ഓരോ കഥാപാത്രത്തിന്റെയും ആകെത്തുക സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ പുള്ളി മനസില്‍ കാല്‍കുലേറ്റ് ചെയ്തിരിക്കും.
എങ്ങനെ ആ സാധനം ഷൂട്ട് ചെയ്‌തെടുക്കണം എന്ന ചിന്തയോടെ ഒരുമാതിരി സൈക്കോ ലൈനിലായിരിക്കും പുള്ളി. ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് എന്നെ അന്ന് സിനിമയിലേക്ക് വിളിച്ചതൊക്കെ.
പിന്നെ എന്ത് ആലോചിക്കാനാ, അങ്ങോട്ട് ചെല്ലുക, എന്ന് ഞാനും വിചാരിച്ചു. വിധേയത്വം മാത്രം. അങ്ങനെ ചെന്ന പടമായിരുന്നു പ്രജ,” ഷമ്മി തിലകന്‍ പറഞ്ഞു.
Content Highlight: Actor Shammi Thilakan shares the experience of acing in Joshiy movies